Breaking News

ദേശീയ പോഷക വാരാചരണത്തിന് കരിന്തളത്ത് തുടക്കമായി..


കരിന്തളം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന ദേശീയ പോഷക വാരാചരണത്തിന് സ്ഥാപനതലത്തിൽ തുടക്കമായി. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ. എം ഉദ്ഘാടനം ചെയ്തു.

ആരോഗ്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് പോഷകസമൃദ്ധമായ ഭക്ഷണമെന്നും, പോഷകാഹാരക്കുറവിനൊപ്പം തെറ്റായ ഭക്ഷണശീലങ്ങൾ സൃഷ്ടിക്കുന്ന അമിതവണ്ണം, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും ശരിയായ പോഷകാഹാര ശീലങ്ങൾ അനിവാര്യമാണെന്നും ഉദ്ഘാടകൻ  പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള വി.കെ. അധ്യക്ഷത വഹിച്ചു. കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക പോഷക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണക്രമം ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

ഡോ. കീർത്തി വിഷയാവതരണം നടത്തി. ശരീരവളർച്ചയ്ക്കും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രോഗപ്രതിരോധത്തിനും മാനസിക-ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനും സമീകൃതാഹാരം പ്രധാനമാണെന്നും,പ്രാദേശികമായി ലഭ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുകയും വേണമെന്നും നിർദേശിച്ചു.

ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ സ്വാഗതവും, സ്റ്റാഫ് നഴ്സ് കെ. മഞ്ജുഷ കെ. നന്ദിയും പറഞ്ഞു.

വാരാചരണത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള അഞ്ച് ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. സമീകൃതാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും പോഷണം, മാതൃ-ശിശു പോഷണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ജീവിതശൈലീ രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ഇതര വകുപ്പുകളും ആയി സംയോജിച്ച് കൊണ്ടുള്ള  ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.

No comments