Breaking News

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് നേരെ ആക്രമണം ; മൂന്ന് പേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു


കാസർകോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് ഒരു സംഘം ആളുടെ ആക്രമണം. മധൂർ കോട്ടക്കണ്ണി സ്വദേശി മുഹമ്മദ് ഷിഹാബിനാ(35)ണ് പരിക്കേറ്റത്. സംഭവത്തിൽ അബ്ദുൽ മനാഫ്, സാബിത്ത്, ഇല്യാസ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തായ അച്ചു എന്ന് വിളിക്കുന്ന പട്ട അഷ്റഫിന്റെ കൂട്ടാളികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. വീടിനു സമീപത്തുള്ള ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു ശിഹാബ്. ഈ സമയം അഷ്റഫിന്റെ കൂട്ടാളികൾ അവിടെ എത്തുകയും എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ശിഹാബിന്റെ തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇരുമ്പ് പിടികൊണ്ടും കൈകൊണ്ടും അടിക്കുകയും, കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അക്രമത്തിൽ ശിഹാബിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മുൻഭാഗത്തെ പല്ലും അക്രമത്തിൽ കൊഴിഞ്ഞു. മൊബൈൽ ഫോൺ കൈക്കലാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പറയുന്നു. ശിഹാബ് ഇപ്പോൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുമ്പാണ് ഷിഹാബ് സുഹൃത്തായ അഷ്റഫിന് പണം നൽകിയിരുന്നു. പലതവണ ചോദിച്ചിട്ടും പണം തിരിച്ചു നൽകാൻ അഷ്റഫ് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അതേസമയം പ്രതികൾക്ക് നേരെ നിസ്സാര കേസുകളാണ് പൊലീസ് ചുമത്തിയതെന്ന് ശിഹാബ് ആരോപിച്ചു. മൂന്ന് വർഷം മുമ്പാണ് വിദേശത്ത് നിന്നും ശിഹാബ് നാട്ടിൽ എത്തിയത്. ഇപ്പോൾ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണുക

No comments