കിനാനൂർ-കരിന്തളം മാതൃകാ സോളാർ വില്ലേജാകുന്നു; ഒരു കോടി രൂപയുടെ പദ്ധതിക്ക് തുടക്കം
പരപ്പ: കേന്ദ്ര സർക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 'മോഡൽ സോളാർ വില്ലേജ്' ആയി തിരഞ്ഞെടുക്കപ്പെട്ട കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഒരു കോടി രൂപയുടെ പൊതു ഉപയോഗ സോളാർ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാസർകോട് ജില്ലാതല അനെർട്ട് പ്രതിനിധികളുമായി ചർച്ച നടത്തി.
പി.എം. സൂര്യ ഘർ പദ്ധതിപ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ സോളാർ ഉൽപ്പാദിപ്പിച്ച പഞ്ചായത്തിനെ ഡി.എൽ.സി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമാകുന്നത്. ഈ തുക ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ സൗരോർജ്ജത്തിലേക്ക് മാറ്റും. കൂടാതെ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കൽ, ഇവി ചാർജിംഗ് സ്റ്റേഷൻ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ ഭരണപരവും പൊതുസേവനപരവുമായ ആസ്തികൾ പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിലൂടെ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കാനും വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഡി.പി.ആർ എത്രയും പെട്ടെന്ന് പൂർത്തിയാക്കി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.
No comments