പാണത്തൂർ ഫാമിലി ഹെൽത്ത് സെന്റർ സി.എച്ച്.സിയായി ഉയർത്തണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പാണത്തൂർ: പനത്തടി പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ കിടത്തിച്ചികിത്സാ സൗകര്യങ്ങളുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സി.എച്ച്.സി) ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ കത്തും പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ ഒപ്പ് ശേഖരണവും പഞ്ചായത്ത് ഭരണസമിതിയുടെ റസല്യൂഷനും കൈമാറിയത്.
വെള്ളരിക്കുണ്ട് താലൂക്കിൽ പാണത്തൂരിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ 2016-നു ശേഷമാണ് എഫ്.എച്ച്.സിയായി പരിവർത്തനം ചെയ്തത്. പനത്തടി പഞ്ചായത്തിലെയും കർണാടക അതിർത്തി ഗ്രാമമായ കരിക്കെയിലെയും ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ നിലവിൽ പകൽ സമയത്തെ ഒ.പി സേവനം മാത്രമാണുള്ളത്.
3.5 കോടിയോളം രൂപ ചെലവഴിച്ച് ഓപ്പറേഷൻ തിയേറ്ററും കിടത്തിച്ചികിത്സയ്ക്കുള്ള മുറികളുമടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെ പൂർത്തിയായിട്ടുണ്ടെങ്കിലും ഒരു സ്ഥിരം ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. അടിയന്തര ചികിത്സയ്ക്കായി 40 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സ്ഥിതിയാണ് ജനങ്ങൾക്കുള്ളത്.
മുൻ ഭരണസമിതിയുടെ കാലത്ത് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് കിടത്തിച്ചികിത്സയുണ്ടായിരുന്ന പി.എച്ച്.സി എഫ്.എച്ച്.സിയായി മാറുകയായിരുന്നുവെന്നും ഇത് നാടിന്റെ ചികിത്സാ രംഗത്തിന് തിരിച്ചടിയായെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.
സന്ദർശന വേളയിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും എച്ച്.എം.സി മെമ്പറുമായ എം.എം. തോമസ്, സന്തു ടോം ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
No comments