വിറകുപുരയിൽ കെട്ടിയിട്ട പൂവൻ കോഴിയെ, കെട്ടിയിടാൻ ഉപയോഗിച്ച കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി
കാസർകോട് : വിറകുപുരയിൽ കെട്ടിയിട്ട പൂവൻ കോഴിയെ, കെട്ടിയിടാൻ ഉപയോഗിച്ച കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി. പെരിയ, ആയംപാറ, കാനത്തിലെ മാലതിയുടെ വീട്ടിലെ കോഴിയെ ആണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പതിവ് പോലെ ഇന്ന് (ബുധൻ) രാവിലെ കോഴിക്ക് തീറ്റ കൊടുക്കാൻ പോയതായിരുന്നു മാലതി. ഈ സമയത്ത് കോഴിയെ കണ്ടില്ല. വിശദമായി നോക്കിയപ്പോൾ വിറകുപുരയുടെ ഭിത്തിയോട് ചേർന്ന് പെരുമ്പാമ്പ് ചുരുണ്ടു കിടക്കുന്നതു കണ്ടു. ഭയന്നു വിറച്ച വീട്ടമ്മ മകനെ വിളിച്ചു. മകൻ ഓടിച്ചെന്ന് നോക്കിയപ്പോൾ പെരുമ്പാമ്പ് കോഴിയെ കെട്ടിയിടാൻ ഉപയോഗിച്ച കയറടക്കം വിഴുങ്ങിയതായി വ്യക്തമായി. കയർ പൊട്ടാത്തതിനാൽ പാമ്പിനു രക്ഷപ്പെടാനും കഴിഞ്ഞില്ല. വിവരം ഉടൻ തന്നെ സ്നേക്ക് റെസ്ക്യുവറും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ കെ.ടി.എസ് പനയാലിനെ അറിയിച്ചു. അദ്ദേഹം സ്ഥലത്തേക്ക് കുതിച്ചെത്തി. കോഴിയെ കെട്ടിയിട്ട കയർ മുറിച്ചു മാറ്റിയാണ് പാമ്പിനെ ഊരാകുടുക്കിൽ നിന്നു രക്ഷപ്പെടുത്തിയത്.
No comments