Breaking News

സ്വിഫ്റ്റ് കാറിൽ വിൽപനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയിൽ


കാസർകോട്: സ്വിഫ്റ്റ് കാറിൽ വിൽപനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയിൽ. പെരുമ്പള സ്വദേശി എംഎ ഇർഷാദി(35)നെയാണ് ഡാൻസാഫ് ടീമിന്റെ സഹകരണത്തോടെ മേൽപറമ്പ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോളിയടുക്കം കുളിക്കുന്ന് റോഡിൽ വച്ചാണ് യുവാവിനെ പിടികൂടിയത്.
ബൈക്കുകളിലെത്തിയ ഡാൻസാഫ് സംഘം സംശയത്തെ തുടർന്ന് ചുവന്ന സ്വിഫ്റ്റ് കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരത്തെ തുടർന്ന് മേൽപറമ്പ് സബ് ഇൻസ്പെക്ടർ ടി അഖിലും സംഘവും സ്ഥത്തെത്തി. ചോദ്യം ചെയ്യലിൽ യുവാവ് പരുങ്ങി നിന്നു. ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് കാറിനുള്ളിൽ നടത്തിയ തിരച്ചിലിൽ മാറ്റിനടിയിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച 1.68 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഗസറ്റഡ് ഓഫീസറായി എത്തിയ വിദ്യാനഗർ എസ് ഐ പ്രമോദിന്റെ സാന്നിധ്യത്തിലാണ് മറ്റു നടപടികൾ നടന്നത്. ഡാൻസാഫ് ടീമിലെ രജീഷ് കാട്ടാമ്പള്ളി, നിഖിൽകുമാർ, അനീഷ് കുമാർ, ഭക്തശൈവൻ, മേൽപറമ്പ് സ്റ്റേഷനിലെ എസ്ഐ ജയപ്രകാശ്, എഎസ്ഐ കെ മനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

No comments