ജില്ലയിൽ ഉയരങ്ങളിലാണ്, 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കൂട്ടായ്മ 2021 ഒക്ടോബറിൽ കുറ്റിക്കോലിലാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം രൂപവത്കരിച്ചത്
പൊയിനാച്ചി : തേങ്ങ പറിക്കാൻ ആളെ കിട്ടാതെ നെട്ടോട്ടമോടിയ കാലത്ത് കർഷകർക്ക് പ്രതീക്ഷ നൽകി രൂപവത്കരിച്ചതാണ് 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'. അഞ്ചുവർഷം മുൻപ് 60 പേരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയ ഇവരുടെ അംഗബലം ഇന്ന് അഞ്ഞൂറ് കടന്നു. പ്രവർത്തനം കണ്ണൂർ ജില്ലയിലേക്കും മറ്റും വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സംഘാടകർ.
പയ്യന്നൂരിൽ ഇതിനകം 20 പേരടങ്ങിയ തെങ്ങിന്റെ ചങ്ങാതികൂട്ടം വിളിപ്പുറത്തുണ്ട്. ജില്ലയിലെ 19 പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമാണ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തനം. 2021 ഒക്ടോബറിൽ കുറ്റിക്കോലിലാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
രൂപവത്കരിച്ചത്. കുറ്റിക്കോലിലെ സി.എച്ച്. മണി പ്രസിഡന്റും ഗിരീഷ് മല്ലം സെക്രട്ടറിയും ബിനു ബളാൽ ഖജാൻജിയുമാണിപ്പോൾ. കെ.ടി.സുകുമാരൻ രക്ഷാധികാരിയായി നേതൃത്വം നൽകുന്നു. 500 രൂപയാണ് അംഗത്വഫീസ്.
കവുങ്ങുകളിലും തെങ്ങുകളിലും കയറി ജീവിതമാർഗം കണ്ടെത്തുന്ന പള്ളിക്കര ചെർക്കാപ്പാറയിലെ സുമിത്ര (35) ഉൾപ്പെടെ 15
സ്ത്രീതൊഴിലാളികളുമുണ്ട് ഇക്കൂട്ടത്തിൽ. ഒരു തെങ്ങിലെ തേങ്ങ പറിക്കാൻ 50 രൂപയാണ് കൂലി. 2,500 രൂപവരെ ഇങ്ങനെ ദിവസവും വരുമാനമുണ്ടാക്കുന്നവരുണ്ട്. വിദ്യാർഥികൾ അവധിദിവസങ്ങളിൽ തെങ്ങുകയറിയാണ് സ്വന്തമായി വഴി കണ്ടെത്തുന്നത്. കൂട്ടായ്മയുടെ പിൻബലത്തിൽ തെങ്ങ്-കവുങ്ങ് തൊഴിലാളി സഹകരണസംഘം തുടങ്ങാനുള്ള നീക്കത്തിലാണ് ജില്ലാ കമ്മിറ്റി. അത്യുത്പാദനശേഷിയുള്ള നാടൻതെങ്ങിനമായ ബേഡകം തെങ്ങിന്റെ നഴ്സറി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബേഡഡുക്ക യൂണിറ്റിലെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം. ജില്ലയുടെ പല ഭാഗങ്ങളിലായി കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വ്യക്തിഗത നാളികേരാനുബന്ധ യൂണിറ്റുകളും നല്ലരീതിയിൽ നടത്തുന്നുണ്ട്.
No comments