ഇനി കൃഷി ചെയ്തിട്ട് രക്ഷയില്ല... ഉപേക്ഷിക്കുന്നതാകും നല്ലത്”; വെള്ളരിക്കുണ്ടിൽ കർഷകന്റെ കണ്ണീരായി രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു
വെള്ളരിക്കുണ്ട്: വർഷങ്ങളുടെ അധ്വാനവും പ്രതീക്ഷയും മണ്ണിൽ കുഴിച്ചിട്ട ഒരു കർഷകന്റെ മുന്നിൽ ഇന്ന് അവശേഷിക്കുന്നത് നശിച്ച കൃഷിയിടവും കണ്ണീരും മാത്രം. ബളാൽ പഞ്ചായത്ത് വാർഡ് 15ൽ ഉൾപ്പെടുന്ന വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ കയറി വ്യാപകമായി കൃഷി നശിപ്പിച്ചതോടെ കർഷകർ കടുത്ത നിരാശയിലാണ്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപക നാശം വിതച്ചത്.
ഏകദേശം രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ആയിരത്തോളം മൂട് കപ്പയും ഇരുന്നൂറോളം മൂട് ചേനയും ഉൾപ്പെടെയുള്ള കൃഷിയാണ് നശിച്ചത്. ചേമ്പ് ഉൾപ്പെടെയുള്ള മറ്റ് വിളകൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
കൃഷിയിടത്തിന് സംരക്ഷണത്തിനായി വേലി കെട്ടിയിരുന്നെങ്കിലും അതെല്ലാം മറികടന്ന് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് കയറിയാണ് വിളകൾ നശിപ്പിച്ചതെന്ന് കർഷകർ പറയുന്നു.
ദിവസക്കൂലിക്കാരെ നിയോഗിച്ചും സ്വന്തം അധ്വാനം മുഴുവൻ സമർപ്പിച്ചുമാണ് കർഷകർ കൃഷി വളർത്തിയെടുത്തത്. വിളവെടുപ്പിന് ഇനി ഏകദേശം രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് ഒരു രാത്രിയിൽ പന്നിക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചത്.
“അടുത്ത വർഷം കൃഷി ചെയ്യാൻ നടാൻ കപ്പത്തണ്ട് പോലും ബാക്കി വെച്ചിട്ടില്ല. എല്ലാം നശിപ്പിച്ചു. ചെറുപ്പം മുതൽ കൃഷിയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും ഇഷ്ടപ്പെട്ട തൊഴിൽ. പക്ഷേ ഇനി കൃഷി ചെയ്തിട്ട് രക്ഷയില്ലെന്ന് തോന്നുന്നു. വേദനയോടെ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയാണ്...” – തകർന്ന കൃഷിയിടത്തിലേക്ക് നോക്കി പാപ്പച്ചി പറയുന്നു.
കപ്പ, ചേന, ചേമ്പ് ഉൾപ്പെടെയുള്ള വിളകൾ നശിച്ചതിലൂടെ പണിക്കൂലിയും കൃഷിച്ചെലവും ഉൾപ്പെടെ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കർഷകരുടെ കണക്ക്.
കൃഷി സംരക്ഷിക്കാൻ കർഷകർക്ക് ഇപ്പോൾ പകലും രാത്രിയും കാവൽ നിൽക്കേണ്ട അവസ്ഥയാണ്. പകൽ സമയത്ത് മയിലും കുരങ്ങുകളും കൃഷി നശിപ്പിക്കുമ്പോൾ രാത്രി കാട്ടുപന്നിക്കൂട്ടങ്ങളാണ് കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യം മൂലം കൃഷി നശിച്ചിട്ടും കർഷകർക്ക് ആവശ്യമായ സഹായമോ മതിയായ നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. കൃഷി ഉപജീവനമാർഗമായി സ്വീകരിച്ചവർക്ക് ഓരോ കൃഷിനാശവും ജീവിതത്തിലേക്കുള്ള വലിയ പ്രഹരമായി മാറുകയാണ്.
“കൃഷി ചെയ്താൽ വിളവ് കിട്ടുമോ എന്നതിലുപരി, കൃഷി കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷിക്കാനാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല” എന്നാണ് ദുരിതത്തിലായ കർഷകർ പറയുന്നത്.
ജീവിതകാലം മുഴുവൻ മണ്ണിനോട് ചേർന്ന് കൃഷി ചെയ്തവർ ഇന്ന് സ്വന്തം കൃഷിയിടത്തിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ്. കൃഷിഭവനും ബന്ധപ്പെട്ട അധികൃതരും തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് സഹായിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഈ കർഷകർക്ക് ഇനി അവശേഷിക്കുന്നത്.
No comments