Breaking News

ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ചുറി, രോഹിത്തിന് ശതകം; വിന്‍ഡീസിന്റെ 406 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ


ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്ന് ടീം ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ (133 പന്തില്‍ പുറത്താവാതെ 223) ഇരട്ട സെഞ്ചുറിയും രോഹിത് ശര്‍മയുടെ (101) സെഞ്ചുറിയുമാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 43.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നേരത്തെ അമീര്‍ ജാംഗൂ (114), ജോണ്‍ കാംപെല്‍ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിന്‍ഡീസ് 400 റണ്‍സ് നേടുന്നത്. ഏഴ് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.

രോഹിത് - ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ തന്നെ 255 റണ്‍സ് ചേര്‍ത്തു. അടുത്തിടെ വിമര്‍ശനങ്ങള്‍ നേരിട്ട രോഹിത് സെഞ്ചുറിയോടെ തന്നെ മറുപടി നല്‍കി. 27-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ 75 പന്തില്‍ 101 റണ്‍സ് നേടിയിരുന്നു. ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തന്നെ 35-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്, ജയ്ഡന്‍ സീല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ വിരാട് 19 പന്തില്‍ 29 റണ്‍സുമായി മടങ്ങി. എന്നാല്‍ ഗില്‍-റുതുരാജ് ഗെയ്കവാദ് (37 പന്തില്‍ 31) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

117 പന്തില്‍ നിന്നാണ് ഗില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയാണിത്. 24 ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടി ഗില്ലിന്റെ ഇരട്ട സെഞ്ചുറിക്കുണ്ടായിരുന്നു. ഒന്നാകെ 26 ഫോറും എട്ട് സിക്‌സുമാണ് ഗില്‍ നേടിയത്.

No comments