ആ പച്ചനിറത്തില്‍ കാണുന്നതൊരു മുട്ടയാണ്, 34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാസോവാരി കുഞ്ഞ്!
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് മൃഗശാലയിൽ 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം അപൂർവ്വമായ തിളക്കമുള്ള പച്ച നിറത്തിലുള്ള സതേൺ കാസോവാരി മുട്ട കണ്ടെത്തി. നിയോൺ രത്നം പോലെ തിളങ്ങുന്ന ഈ പച്ച നിറത്തിന് കാരണം 'ബിലിവർഡിൻ' എന്ന സ്വാഭാവിക വർണ്ണവസ്തുവാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പക്ഷിയാണ് കാസോവാരി.
അഡ്ലെയ്ഡ് മൃഗശാലയിൽ ആദ്യമായി കാസോവാരി കുഞ്ഞു പിറന്നത് 1968-ലായിരുന്നു. പിന്നീട് 1992-ൽ ആറ് കുഞ്ഞുങ്ങൾ കൂടി ജനിച്ചു. എന്നാൽ, അതിനുശേഷം മുട്ടകളൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ നീണ്ട 34 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബേർഡ്സ് ആൻഡ് ഫ്രീ ഫ്ലൈറ്റ് ടീം സൂപ്പർവൈസറായ എറിൻ ഈ മുട്ട കണ്ടെത്തിയത്.
പത്ത് വയസ്സുള്ള 'മാർട്ടിന', പതിമൂന്ന് വയസ്സുള്ള 'ജെഫ്രി' എന്നീ രണ്ട് കാസോവാരികളുടേതാണ് ഇത്. മൃഗശാല അധികൃതർ ഇവരെ ഒന്നിച്ചു ചേർത്തതിന് ശേഷമാണ് ഈ നേട്ടം. 'ഞങ്ങൾക്ക് ഇത് വളരെ ആവേശകരമായ വാർത്തയാണ്. കാരണം അഡ്ലെയ്ഡ് മൃഗശാലയിൽ വിജയകരമായി കാസോവാരി കുഞ്ഞുങ്ങൾ ഉണ്ടായിട്ട് 34 വർഷമായി' എന്ന് മൃഗശാല പുറത്തിറക്കിയ പ്രസ്താവനയിൽ എറിൻ പറഞ്ഞു. ഈ വർഷം ആഗസ്റ്റിലാണ് മാർട്ടിനയെയും ജെഫ്രിയെയും ആദ്യമായി ഒന്നിപ്പിച്ചത്.

No comments