" തേജസ്വിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റുന്നതിനെതിരെ ഉജ്ജ്വല ജനകീയ മാർച്ച്
വെള്ളരിക്കുണ്ട് : തേജസ്വിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റുന്നതിനെതിരെ ഉജ്ജ്വല ജനകീയ മാർച്ച് .തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച് വൻതോതിൽ ജലം ഊറ്റിയെടുത്ത് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം, കങ്കോൽ -ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസർഗോഡ് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വെള്ളം കൊണ്ടുപോകാനുള്ള തൃക്കരിപ്പൂർ അഡ്ജോയിനിങ് പഞ്ചായത്ത് എന്ന പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും വസിക്കുന്ന ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റർ വെള്ളമാണ് പുഴയിൽ നിന്നും ഊറ്റിയെടുക്കുക. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താൽ അതിനു തക്ക നീരൊഴുക്ക് നിലവിൽ തേജസ്വിനി പുഴയിൽ ഇല്ല. ഇത് കയ്യൂർ ചീമേനി പഞ്ചായത്തിന്റെയും കിനാനൂർ കരിന്തളം പഞ്ചായത്തിലെയും തീരദേശ മേഖലയിലും കുന്നിൻ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകും. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവർത്തനമാരംഭിച്ച ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ഒന്നടക്കം ആവശ്യപ്പെടുകയാണ്. പാലായി ഷട്ടർ കം ബ്രിഡ്ജ് നിലവിൽ ഉണ്ടായിട്ട് തന്നെ വേനൽക്കാലത്ത് പുഴയിൽ ചെറിയതോതിൽ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ വൻതോതിൽ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികൾക്ക് കാരണമാകും. കയ്യൂർ-ചീമേനി പഞ്ചായത്തിലെയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത് ബാധിക്കും തീരദേശ മേഖലയിൽ കടുത്ത ജല ക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതിഎന്ത് വിലകൊടുത്തും തടയാനുള്ള പ്രവർത്തനത്തിലാണ് നാട്ടുകാർ. ഇതിന്റെ ആദ്യപടിയായി മുക്കട പാലം കേന്ദ്രീകരിച്ചുകൊണ്ട് നൂറുകണക്കിന് പേർ പങ്കെടുത്തു കൊണ്ട് ഈ മാസം ഒൻപതിന് മനുഷ്യച്ചങ്ങല തീർത്തിരുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കുടിവെള്ള ശുദ്ധീകരണ ടാങ്കിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന പള്ളിപ്പാറയിലേക്ക് തീരദേശ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം പങ്കെടുത്തു കൊണ്ട്, ഇന്ന് നടന്ന ജനകീയ മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. മാർച്ച് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ വി രമേശൻ അധ്യക്ഷനായിരുന്നു. തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി കൺവീനർ എം.ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം എം.വി പത്മാവതി,, കെ കരുണാകരൻ എന്നിവർ സംസാരിച്ചു. പള്ളിപ്പാറ ടൗണിൽ നിന്നും ആരംഭിച്ച മാർച്ചിന് കെ വി ബാബു, വി. അമ്പുഞ്ഞി, അശോകൻ പെരിങ്ങാര, അനിൽ മന്നച്ചൻവയൽ, വി.ജി അനീഷ്, കെ ശശി, എൻ. രാജൻ, എൻ.വിനോദ്, അനിൽ കല്യാണി, രജിത്ത് എൻ കെ എന്നിവർ നേതൃത്വം നൽകി. വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പണി തുടരാൻ സമരസമിതി അനുവദിച്ചില്ല. ഇനിയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധികൃതർ അവസാനിപ്പിച്ചില്ലെങ്കിൽ കുടിവെള്ള ടാങ്കിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സൈറ്റ് നവംബർ മൂന്നിന് ജനകീയ താഴിട്ടു പൂ ട്ടുമെന്ന് തേജസിന് പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് കെ വി രമേശൻ, എം ചന്ദ്രൻ മുക്കട എന്നിവർ അറിയിച്ചു

No comments