ചന്തേര എംഡിഎംഎ കേസ്; പിന്നിൽ അന്താരാഷ്ട അന്തർസംസ്ഥാന മാഫിയ, പിടിയിലായ ഐവറി കോസ്റ്റ് പൗരൻ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ തലവൻ
ചന്തേര : കാലിക്കടവിൽ പിടികൂടിയ കേസിലെ സംഘത്തലവൻ പിടിയിലായ ഐവറി കോസ്റ്റ് പൗരനെന്ന് അന്വേഷണസംഘം. ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്ലൻ (35) എന്നയാളാണ് പൊലിസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 12 എടിഎം കാർഡുകളും, 29 4000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഒരു വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ ആണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും നോയിഡയിൽ തന്നെ കഴിയുകയായിരുന്നു. നോയിഡ കേന്ദ്രീകരിച്ച് നടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനാണ് ഇയാൾ. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇയാൾ വഴിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാലിക്കടവിൽ പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മുഖ്യപ്രതിയെ പൊലിസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്ത് 9ന് ആണ് കാലിക്കടവ് ദേശീയപാതയിൽ വച്ച് കാറിൽ കടത്തിയ 139.29 ഗ്രാം എംഡിഎംഎ ചന്തേര പൊലീസ് പിടികൂടിയത്. സംഭവത്തിൽ അന്ന് എറണാകുളം സ്വദേശികളായ പി എ അബ്ദുൽ സലാം, കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ബാസ്, ഇ എസ് സൈനുലാബിദീൻ, കാസർ കോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ എന്നിവരെ പിടികൂടിയിരുന്നു. തുടർ അന്വേഷണത്തിൽ ഗുജറാത്ത് സ്വദേശി റിയ ഖാൻ, ഘാന സ്വദേശി വിക്ടർ ഡ്സാബെ, ഉത്തർപ്രദേശ് സ്വദേശി വിഷ്ണുകുമാർ എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തലവനെയും പിടികൂടുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. നേരത്തെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പിടിയിലായവരുടെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് ഇയാളിലേക്ക് അന്വേഷണം എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പുകേസുകളിൽ പ്രതിയായ പെരുമ്പാവൂർ അല്ലം സ്വദേശി സൈനുൽ ആബിദീൻ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കാസർകോട് അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ, നടക്കാവ് പൊലിസ് സ്റ്റേഷൻ മയക്കുമരുന്ന് കേസിലെ പ്രതിയായ ഘാന പൗരൻ വിക്ടർ ഡിസോബ എന്നിവർ റിമാൻഡിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോഴാണ് പരസ്പരം പരിചയപ്പെടുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വാട്സാപ്പ് വഴി ബന്ധം പുലർത്തുകയായിരുന്നു. പിന്നീട് ഇവർ കേരളത്തിൽ വിപുലമായി മയക്കുമരുന്ന് എത്തിച്ച് വിൽക്കാൻ പദ്ധതി തയ്യാറാക്കി. തുടർന്ന് കൊല്ലം കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിൽ കഴിഞ്ഞുവരികയായിരുന്ന ഘാന പൗരൻ വിക്ടർ ഡിസോബ, അവിടെയിരുന്ന് ഒന്നിലധികം വാട്സാപ്പ് അക്കൗണ്ടുകൾ വഴി സൈനുൽ ആബിദീനുമായി ലഹരി ഇടപാടുകൾ ആസൂത്രണം ചെയ്തു. ട്രാൻസിറ്റ് ഹോമിൽ ലഹരി ലഭ്യമല്ലാതിരുന്നതിനാൽ, വിക്ടർ തന്റെ സുഹൃത്തും ഐവറി കോസ്റ്റ് സ്വദേശിയുമായ ജീൻ പിയറി സെറി (സാമുവൽ / സാമുവൽ ഓസ്ലൻ) യെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും കേരളത്തിലേക്ക് ലഹരി എത്തിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.
No comments