കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാത: അടിയന്തര പ്രവൃത്തികൾ വേഗത്തിലാക്കാൻ എം.എൽ.എയുടെ നിർദേശം
പാണത്തൂർ : കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമായി എത്തിയ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എയ്ക്ക് ഒൻപതാം വാർഡിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നിവേദനം നൽകി.
സംസ്ഥാന പാത കടന്നുപോകുന്ന ഒൻപതാം വാർഡിലെ മുണ്ടോട്ട് കോളേജ് മുതൽ വണ്ണാത്തിക്കാനം വരെയുള്ള ഭാഗത്ത് അടിയന്തരമായി നടപ്പാക്കേണ്ട പ്രവൃത്തികൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുണ്ടോട്ട് കോളേജ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിനായി സ്ഥലം വിട്ടുനൽകുക, റോഡിന്റെ ഇരുവശങ്ങളിലും മൂന്ന് മീറ്റർ വീതിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക, വണ്ണാത്തിക്കാനം ജംഗ്ഷനിൽ മുറിച്ചുമാറ്റിയ മരത്തിന്റെ കുറ്റി നീക്കം ചെയ്യുക, റോഡ് നവീകരണത്തെത്തുടർന്ന് ഉപയോഗശൂന്യമായ വണ്ണാത്തിക്കാനം ബസ് കാത്തിരിപ്പ് കേന്ദ്രം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത കള്ളാർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ റോയി പി.എൽ എം.എൽ.എയെ നേരിട്ട് ബോധ്യപ്പെടുത്തി. തുടർന്ന്, പ്രസ്തുത പ്രവൃത്തികൾ എത്രയും വേഗം നിർബന്ധമായും പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർക്ക് (എ.ഇ.) എം.എൽ.എ നിർദേശം നൽകി.

No comments