കോയിത്തട്ട ആശുപത്രിയിലെ പാർക്കിംഗ് സ്ഥലം പൊളിച്ചുനീക്കിയതിൽ ബിജെപി പ്രതിഷേധം
കരിന്തളം : കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് കോൺക്രീറ്റ് കട്ടകൾ (ഇന്റർലോക്ക്) പാകിയ പാർക്കിംഗ് കേന്ദ്രം ഒരു മാസം തികയും മുൻപേ പൊളിച്ചുനീക്കിയതിൽ കിനാനൂർ-കരിന്തളം ബിജെപി കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
2000 സ്ക്വയർ ഫീറ്റോളം വരുന്ന സ്ഥലത്ത് ഇന്റർലോക്ക് പാകിയും മെറ്റൽ നിരത്തിയും നിർമ്മിച്ച പാർക്കിംഗ് സൗകര്യമാണ് പുതിയ കെട്ടിട നിർമ്മാണത്തിന്റെ പേരിൽ അടർത്തിമാറ്റി നശിപ്പിച്ചത്. പാർക്കിംഗ് കേന്ദ്രത്തിന് തൊട്ടുപിറകിലായി ആവശ്യത്തിന് സ്ഥലം ഉണ്ടായിരുന്നിട്ടും യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ ഈ നടപടി വലിയ തോതിലുള്ള പൊതുപണ ദുർവിനിയോഗമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഭാവിയിലെ വികസനത്തിന് ഉപകരിക്കേണ്ട സ്ഥലം നഷ്ടപ്പെടുത്താതെ, പുതിയ കെട്ടിടം പരമാവധി പിന്നിലേക്ക് മാറ്റി നിർമ്മിച്ച് പാർക്കിംഗ് സൗകര്യം അടിയന്തരമായി പൂർവ്വസ്ഥിതിയിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു. വിനോദ് തലയടുക്കം സ്വാഗതം പറഞ്ഞു. വി.സി പത്മനാഭൻ ,ചന്ദ്രൻ പൈക്ക, മധു വട്ടിപ്പുന്ന, രഞ്ജിത്ത് വരയിൽ, സുഗതൻ വരഞ്ഞൂർ, രാമകൃഷ്ണൻ ബിരിക്കുളം തുടങ്ങിയവർ സംസാരിച്ചു.
No comments