Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; 13 കോടിയിലേറെ രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കം


നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പദ്ധതിയുടെ പ്രവൃത്തി 2027 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിന് സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ അനുവദിച്ചത്.

മലപ്പുറത്തെ മാളിയേക്കല്‍ കണ്‍സഷന്‍ കമ്പനിയാണ് ഹോസ്പിറ്റലിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ആറുമാസം മുമ്പാണ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്.


ഇരുനിലകളിലായി 1853.42 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നത്. പദ്ധതിയുടെ പുതുക്കിയ സാമ്പത്തിക അനുമതി ?13,01,62,287 ആണ്. പുതിയ കെട്ടിടത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. 6 കിടക്കകളുള്ള ICU, 4 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ട്രയാജ് സംവിധാനം, ഐസൊലേഷന്‍ റൂം, ഫാര്‍മസി, ലബോറട്ടറി, ECG റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമെ ഡെന്റല്‍, നേത്രരോഗം, ഓര്‍ത്തോപീഡിക്, PMR, സര്‍ജറി, ജനറല്‍ മെഡിസിന്‍, ENT, പീഡിയാട്രിക് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. 26 പേര്‍ക്ക് ഉപയോഗിക്കാവുന്ന ബെഡ് ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, പുതിയ ഡ്രെയിനേജ് സംവിധാനം, കോണ്‍ക്രീറ്റ് പേവര്‍ ബ്ലോക്ക് റോഡ്, ജലസംഭരണ സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.




നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് കൂടുതല്‍ മികച്ചതും ആധുനികവുമായ ആരോഗ്യപരിചരണം ലഭ്യമാക്കുന്നതിന് പുതിയ കെട്ടിടം സഹായകരമാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരത്തിന്റെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധേയമായ ചുവടുവയ്പ്പായാണ് പദ്ധതി മാറുന്നത്.




നിലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് സോനു ബി നായര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും, കരാര്‍ ഏറ്റെടുത്ത മാളിയേക്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതരും ചേര്‍ന്ന് സ്ഥലനിര്‍ണ്ണയം നടത്തി. നീലേശ്വരം നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി സുരേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ. അനീഷ് എന്നിവരും സംബന്ധിച്ചു.

No comments