Breaking News

തളങ്കരയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊതുശ്മശാനത്തിൽ മറവ് ചെയ്തു; മരിച്ചത് കർണാടക സ്വദേശിയെന്ന് സംശയം


കാസർകോട്:  തളങ്കര കടവത്തെ കെട്ടിടത്തിലെ താമസമുറിയിൽ കഴുത്തിൽ മുണ്ട് മുറുക്കിയ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒടുവിൽ പൊതുശ്മശാനത്തിൽ മറവ് ചെയ്തു. കൊല്ലപ്പെട്ടത് കർണാടക സ്വദേശിയായ നജീബ് എന്നയാളാണെന്ന സംശയം ശക്തമായതോടെ, മൃതദേഹം ശാസ്ത്രീയമായി തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ടയാൾ നജീബ് തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് മൃതദേഹത്തിൽ നിന്നുള്ള സാമ്പിളുമായി താരതമ്യം ചെയ്ത് പരിശോധന നടത്തുമെന്ന് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ മെൽവിൻ ജോസ് അറിയിച്ചു.

ദുർഗന്ധം വമിച്ചതോടെ പുറത്തറിഞ്ഞു

ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് തളങ്കര കടവത്തെ കെട്ടിടത്തിലെ മുറിയിൽ ഒക്ടോബർ 15-ന് സന്ധ്യയോടെ കണ്ടെത്തിയത്. 15-ന് വൈകുന്നേരം കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കട നടത്തുന്നയാൾ മുകളിലെത്തിയപ്പോഴാണ് മുറിയിൽനിന്ന് അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജനൽവഴി നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

No comments