ഗാരേജ് കത്തിച്ചും വാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും വിലസിയ ഉപ്പളയിലെ 'മീശ റൗഫ്' മുംബൈയില്‍ പിടിയില്‍
ഉപ്പള: ഗാരേജ് കത്തിച്ച കേസിലും വാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവങ്ങളിലും ഉള്‍പ്പെടെ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളി ഉപ്പളയിലെ 'മീശ റൗഫ്' എന്നറിയപ്പെടുന്ന റൗഫ് (40) മുംബൈയില്‍ പിടിയിലായി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. നാട്ടില്‍ അക്രമസംഭവങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവില്‍ പോകുന്നതാണ് റൗഫിന്റെ രീതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബന്തിയോട് പെര്‍മുദയില്‍ ഗാരേജ് കത്തിച്ച സംഭവത്തിനും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുകള്‍ക്കും പിന്നാലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ മുംബൈയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
നൂറോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെയും പ്രതി സഞ്ചരിച്ചിരിക്കാമെന്ന് സംശയിക്കുന്ന മേഖലകളിലെയും നൂറോളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ ആണ് പരിശോധിച്ചത്.
ഇതോടൊപ്പം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ വിവരങ്ങളും പരിശോധിച്ചു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതി മുംബൈയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യനീക്കങ്ങള്‍ക്കൊടുവില്‍ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments