ഇറാനിൽ വീണ്ടും ക്രൂരത; പ്രസവത്തിന് പിന്നാലെ 14-കാരി ഭർത്താവിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിച്ചതിന്
ടെഹ്റാൻ: പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു. ഇറാനിലെ കെർമാൻ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനാണ് പെൺകുട്ടിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ്(ഐഎച്ച്ആർ) പറഞ്ഞു. സംഭവത്തിൽ 20-കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായും ഐഎച്ച്ആറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെയാണ് 14-കാരിയായ സൊഗാന്ദ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി വാഹനാപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്ന് പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഭർത്താവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഇറാനിലെ നിർബന്ധിത ശൈശവ വിവാഹങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സൊഗാന്ദ്. വിവാഹത്തിന് പിന്നാലെ 14-കാരിയായ സൊഗാന്ദിന് ഭർത്താവിൽനിന്ന് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭർത്താവ് പുറത്ത് പോകുന്ന സമയത്തെല്ലാം പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുന്നതായിരുന്നു പതിവ്. മാത്രമല്ല, സ്വന്തംവീട്ടുകാരുമായി ബന്ധം പുലർത്തുന്നതിന് പെൺകുട്ടിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.

No comments