ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാലോത്ത് കസബയിൽ തിരിതെളിഞ്ഞു
മാലോം: ചിറ്റാരിക്കാൽ ഉപജില്ലയുടെ 43-ാമത് കേരള സ്കൂൾ കലോത്സവത്തിന് മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ തുടക്കം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കലോത്സവം ഉദ്ഘാടനം ചെയ്തു.
ഉപജില്ലയിലെ 52 വിദ്യാലയങ്ങളിൽ നിന്നായി 305 മത്സര ഇനങ്ങളിലായി ആയിരത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് മാസ്റ്റർ ശ്രീപദ് യാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ആർ.ഡി.ഡി. എ.കെ. വിനോദ് കുമാർ പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. അനു, മെഴ്സി മാണി, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ടോമി, പി.ടി.എ. പ്രസിഡന്റ് എൻ.വി. പ്രമോദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ എം. ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി. തമ്പാൻ, സാജൻ പുഞ്ച, ചന്ദ്രൻ വിളയിൽ, എൻ.ഡി. വിൻസെന്റ്, ജെറ്റോ ജോസഫ്, സി.എം. നൗഷാദ്, എസ്.എം.സി. ചെയർമാൻ കെ. ദിനേശൻ, മദർ പി.ടി.എ. പ്രസിഡന്റ് ഷീന പ്രഭാകരൻ, പബ്ലിസിറ്റി ചെയർമാൻ സിബിച്ചൻ പുളിങ്കാല, കൺവീനർ പി.ജി. ജോജിത, കുമാരി റിഷിക രതീഷ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ മിനി പോൾ സ്വാഗതവും പ്രധാനാധ്യാപകൻ എം.കെ. പ്രസാദ് നന്ദിയും പറഞ്ഞു.
ആറിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്കൂൾ പി.ടി.എ. പ്രസിഡന്റ് എൻ.വി. പ്രമോദ് അധ്യക്ഷത വഹിക്കും. ഡി.ഡി.ഇ. പി.വി. റഫീഖ് സമാപന സന്ദേശം നൽകും.

No comments