നീലേശ്വരം അഴിത്തലയിലെ നീരജ് സന്തോഷിന്റെ ആത്മഹത്യ; അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് വീട്ടുകാരുടെ പരാതി
നീലേശ്വരം : നീലേശ്വരം അഴിത്തലയിലെ പത്താംക്ലാസ് വിദ്യാർഥി നീരജ് സന്തോഷ് തൂങ്ങിമരിച്ചത് സ്കൂളിലെ അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് സന്തോഷും കുടുംബവും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. സ്കൂളിൽ വെച്ചുണ്ടായ ചില മാനസിക സംഘർഷങ്ങളെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ചെറുവത്തൂർ ടെക്കനിക്കൽ സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ് നീരജ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് നീരജ് വീട്ടിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് ആരോ ഫോൺചെയ്തതായും അതുപ്രകാരം ടൗണിലേക്ക് പോയെന്നും പിന്നീട് തിരിച്ചുവന്നാണ് ആത്മഹത്യചെയ്തതെന്നും പിതാവ് പറയുന്നു. സ്കൂളിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നു. ഒരുപെൺകുട്ടിയുമായി ബന്ധമുള്ളതിന്റെ പേരിലായിരുന്നു പീഡനം. ഇതിന്റെ പേരിൽ ഒരധ്യാപകൻ രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിലെ സ്റ്റോർ റൂമിൽ ഇരുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ നീരജ് അധികം ആരോടും സംസാരിക്കാൻ തയ്യാറായില്ല. കാര്യമന്വേഷിച്ചിട്ടും വീട്ടുകാരോട് ഒന്നും തുറന്ന് പറഞ്ഞില്ല. തിങ്കളാഴ്ച ആരോ അടിച്ചിരുന്നു. അടികൊണ്ട പാട് മുഖത്തുണ്ടായിരുന്നു. മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments