Breaking News

നീലേശ്വരത്തെ അശാസ്ത്രീയ ദേശീയപാതാ നിർമ്മാണം: സമരസമിതി ഉന്നയിച്ച സുരക്ഷാ പ്രശ്നങ്ങൾ ഗൗരവതരമെന്ന് കോടതി, ദേശീയപാതാ അതോറിറ്റിക്ക് നോട്ടീസ്


നീലേശ്വരം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കൂറ്റൻ മൺതിട്ട നിർമ്മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വൻ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ കോടതി നടപടി. വിഷയം പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, കേന്ദ്ര സർക്കാർ, എൻ.എച്ച്.എ.ഐ, സംസ്ഥാന സർക്കാർ  ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയും മറുപടി സമർപ്പിക്കാൻ ഒരാഴ്ച്ച സമയം നൽകുകയും ചെയ്തു.

മാർക്കറ്റ് ജംഗ്ഷനിൽ തൂണുകളിലുള്ള മേൽപ്പാലത്തിന് പകരം വൻതോതിൽ മണ്ണുനിറച്ച് പാത നിർമ്മിക്കുന്നത് പ്രദേശത്ത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അശാസ്ത്രീയമായ ഈ നിർമ്മാണ രീതി പ്രദേശവാസികളുടെയും വിദ്യാർത്ഥികളുടെയും വ്യാപാരികളുടെയും ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും, ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുമെന്നും, മാത്രമല്ല പ്രദേശത്തിൻറെ ഭാവി വികസനത്തെക്കൂടി തടയുമെന്നും ചൂണ്ടിക്കാട്ടിയാണ് നീലേശ്വരം എൻ.എച്ച് 66 ജനകീയ സമരസമിതി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. നീലേശ്വരത്തെ ഹൈവേ നിർമാണ രീതി സംബന്ധിച്ച് മുൻ ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിലേക്കയച്ച റിപ്പോർട്ടിലും പ്രശ്നത്തിൻ്റെ ഗൗരവം ഉയർത്തിക്കാട്ടിയിരുന്നു.

ജനങ്ങളുടെ ആശങ്കകൾ ശരിവെക്കുന്നതാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ നിർമ്മാണത്തിനെതിരെ, തൂണുകളോട് കൂടിയ മേൽപ്പാലം എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ നിയമപോരാട്ടവും പ്രക്ഷോഭവും ശക്തമായി തുടരുമെന്ന് നീലേശ്വരം എൻ.എച്ച് 66 ജനകീയ സമരസമിതി ഭാരവാഹികൾ അറിയിച്ചു.

No comments