വീടിന് ചുറ്റും പ്രകൃതിയുടെ വിസ്മയലോകം; ഔഷധസസ്യങ്ങളുടെയും ജൈവകൃഷിയുടെയും കാവലാളായി വെള്ളരിക്കുണ്ട് പന്നിത്തടത്തെ ബാബുരാജ്
വെള്ളരിക്കുണ്ട്: കൃഷി വെറുമൊരു ഉപജീവനമാർഗമല്ല, വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാനുള്ള വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയായ ബാബുരാജ്.
ഏകദേശം ഏഴ് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ വൈവിധ്യമാർന്ന കൃഷിരീതികൾ പിന്തുടരുന്ന ബാബുരാജിന്റെ കൃഷിയിടം പ്രകൃതിസ്നേഹികൾക്കും കൃഷി പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ കൗതുകക്കാഴ്ചയാണ്. റബ്ബർ, തെങ്ങ്, കവുങ്ങ്, വിവിധയിനം വാഴകൾ, ഏലം തുടങ്ങി വൈവിധ്യമാർന്ന വിളകൾക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. പച്ചക്കറി കൃഷിയാകട്ടെ പൂർണമായും ജൈവരീതിയിലാണ്.
എന്നാൽ ബാബുരാജിന്റെ കൃഷിയിടത്തെ വേറിട്ടതാക്കുന്നത് വിളകളുടെ വൈവിധ്യം മാത്രമല്ല. ഇരുനൂറിലധികം ഔഷധസസ്യങ്ങളുടെയും അപൂർവ സസ്യങ്ങളുടെയും വലിയൊരു ശേഖരം തന്നെ അദ്ദേഹം പരിപാലിച്ചുവരുന്നു. വീട്ടുപരിസരത്തും കൃഷിയിടത്തിലുമായി സംരക്ഷിക്കുന്ന ഈ സസ്യശേഖരത്തിൽ അപൂർവയിനം രുദ്രാക്ഷം ,സോമലത ,മുഞ്ഞ ,ചിറ്റമൃത് ,രാമച്ചം ,ലക്ഷ്മിതെരു,നാഗദന്തി ,കുന്തിരിക്കം ഉൾപ്പെടെയുള്ള
നിരവധി സസ്യങ്ങളുണ്ട്. ഔഷധസസ്യങ്ങളുടെ പേരും പ്രത്യേകതകളും അവയുടെ ഉപയോഗങ്ങളും അറിയുന്നതിനും വിത്തുകളും തൈകളും ശേഖരിക്കുന്നതിനുമായി വിദ്യാർത്ഥികളടക്കം നിരവധിപേരാണ് ഇവിടെ എത്തുന്നത്.
ഇന്നത്തെ തലമുറയ്ക്ക് മാത്രമല്ല, വരുംതലമുറയ്ക്കും പ്രയോജനപ്പെടേണ്ട പ്രകൃതിയുടെ സമ്പത്തായാണ് ബാബുരാജ് ഈ സസ്യശേഖരത്തെ കാണുന്നത്. പ്രകൃതിയിൽനിന്ന് ലഭിച്ച അറിവും സമ്പത്തും അടുത്ത തലമുറയ്ക്ക് കൈമാറണമെന്ന ചിന്തയാണ് ഓരോ സസ്യത്തെയും കരുതലോടെ സംരക്ഷിക്കാൻ അദ്ദേഹത്തിന് പ്രചോദനമാകുന്നത്.
ഒരു കാലത്ത് ഗൾഫിലെ ഉയർന്ന ശമ്പളമുള്ള ജോലി ജീവിതത്തിന്റെ ഭാഗമായിരുന്ന വ്യക്തിയാണ് ബാബുരാജ്. പഠനകാലത്തിനുശേഷം 20 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തു. എന്നാൽ പ്രവാസജീവിതത്തിലെ ആഡംബരങ്ങൾക്കും ഉയർന്ന വരുമാനത്തിനും പിന്നാലെ പോകുന്നതിനുപകരം മണ്ണിലേക്കും കൃഷിയിലേക്കും മടങ്ങിയെത്താനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ജീവിതത്തിലെ ആ വഴിത്തിരിവാണ് ഇന്ന് പന്നിത്തടത്തെ ഈ പ്രകൃതിസമ്പന്നമായ കൃഷിയിടത്തിന് അടിത്തറയായത്.
ജൈവകൃഷിയോടൊപ്പം യോഗയിലും സജീവമാണ് ബാബുരാജ്. മികച്ച യോഗാധ്യാപകൻ കൂടിയായ അദ്ദേഹം കാസർകോട് ജില്ലയിലെ യോഗ, ജൈവകൃഷി, പരിസ്ഥിതി പ്രവർത്തന മേഖലകളിലും ശ്രദ്ധേയമായ സാന്നിധ്യമാണ്. 2013-ൽ ജില്ലയിലെ അക്ഷയയുടെ ആദ്യ അവാർഡ് ബാബുരാജിനെ തേടിയെത്തിയതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായി.
കൃഷി എന്നത് വിളവെടുപ്പിൽ മാത്രം അവസാനിക്കുന്ന ഒന്നല്ലെന്ന് ബാബുരാജിന്റെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കൃഷിയിടത്തിലെ വരവും ചെലവും വരുമാനവുമെല്ലാം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിയേക്കാൾ മികച്ച ആരോഗ്യ സമ്പത്ത് ജൈവകൃഷിയിലൂടെ നേടാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.രാസവളങ്ങൾ ഒഴിവാക്കി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും പുതിയതായി കൃഷിയിലേക്ക് കടന്നുവരുന്നവർക്കും വിത്തുകളും അറിവുകളും പങ്കുവെക്കുന്നു.
കാട്ടുമരങ്ങളും വിവിധ സസ്യങ്ങളും നിറഞ്ഞ വീടിന് ചുറ്റുമുള്ള ഈ കൊച്ചുകാട് ഉടുമ്പുകളും നാട്ടിലെ വിവിധയിനം പക്ഷികളും ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്.
മണ്ണിനെയും മരങ്ങളെയും ഔഷധസസ്യങ്ങളെയും പക്ഷികളെയും ഒരുപോലെ ചേർത്തുപിടിച്ച് പന്നിത്തടത്ത് ബാബുരാജ് ഒരുക്കിയിരിക്കുന്നത് ഒരു കൃഷിയിടം മാത്രമല്ല, പ്രകൃതിയുടെ ഒരു പാഠശാല കൂടിയാണ്. നാളെ ഇല്ലാതായേക്കാവുന്ന സസ്യസമ്പത്തിനെ ഇന്നുതന്നെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറാനുള്ള ഈ ശ്രമം മലയോരത്തിന് അഭിമാനിക്കാവുന്ന മാതൃകയാണ്.
പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ കർഷകൻ
കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലും നടത്തിയ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ബാബുരാജിനെ തേടിയെത്തിയിട്ടുണ്ട്. അന്തരിച്ച ചലച്ചിത്ര നടൻ ശ്രീനിവാസന്റെ കൈകളിൽനിന്ന് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് ബാബുരാജ് കാണുന്നത്.ഏറ്റവും ഒടുവിൽ, ദിവസങ്ങൾക്കുമുമ്പ് ഐ.സി.എ.ആർ. കൃഷി വിജ്ഞാൻ കേന്ദ്രം കാസർകോടിന്റെ നേതൃത്വത്തിൽ പരമ്പരാഗത കാർഷിക ജൈവവൈവിധ്യ സംരക്ഷക കർഷകനായി ബാബുരാജിനെ തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. തലമുറകളിലൂടെ കൈമാറിവന്ന കാർഷിക അറിവുകളും അപൂർവ സസ്യസമ്പത്തും സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്

No comments