Breaking News

പാണത്തൂർ സ്കൂളിലെ വിദ്യാവാഹിനി പ്രശ്നം: വാടക കുടിശ്ശിക അനുവദിക്കുമെന്ന അധികാരികളുടെ ഉറപ്പിൽ ഡ്രൈവർമാരുടെ സമരം പിൻവലിച്ചു ഇന്ന് മുതൽ ഓടി തുടങ്ങും


പാണത്തൂർ: വിദ്യാവാഹിനി വാഹനങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സർവീസ് നിർത്തിവെച്ച പാണത്തൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ഡ്രൈവർമാരുമായി പഞ്ചായത്ത് ഭരണസമിതിയുടെയും പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചർച്ച നടത്തി. ചർച്ചയെ തുടർന്ന് സമരം പിൻവലിച്ച് ഇന്ന് മുതൽ കുട്ടികളെ പതിവുപോലെ സ്കൂളിലെത്തിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചു.


രണ്ട് ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വൈസ് പ്രസിഡന്റ് പത്മകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസ്, അഞ്ചാം വാർഡ് മെമ്പർ റീന തോമസ്, പിടിഎ പ്രസിഡൻ്റ് സിനോജ്, പട്ടികവർഗ വികസന വകുപ്പ് ടി.ഡി.ഒ, എ.ടി.ഡി.ഒ, ടി.ഇ.ഒ, രാജപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പവിത്രൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു, ലീഗൽ സർവീസ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ, ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.


സർക്കാർ നിശ്ചയിച്ച നിരക്കാണ് നിലവിൽ വാഹനങ്ങൾക്ക് അനുവദിക്കാനാകുന്നതെന്നും, എന്നാൽ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വാഹന വാടക വർധിപ്പിക്കുന്നതിനായി 2026 ഒക്ടോബർ 24-ന് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും പട്ടികവർഗ വികസന വകുപ്പ് ടി.ഡി.ഒ വിശദീകരിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജെയിംസും സർക്കാരുമായി ബന്ധപ്പെട്ട് ഡ്രൈവർമാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അനുഭാവപൂർവമായ തീരുമാനം ഉണ്ടാക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.

അഞ്ച് മാസത്തെ വാടക സർക്കാർ നിരക്കിൽ സ്വീകരിക്കാനും സ്കൂൾ ഹെഡ്മിസ്ട്രസുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ബാക്കി തുക ഡിസംബർ അവസാനത്തോടെ പരമാവധി ലഭ്യമാക്കാനുമുള്ള ഉറപ്പിലാണ് ഡ്രൈവർമാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മുടങ്ങിക്കിടക്കുന്ന കുടിശ്ശിക തുക ഏറ്റവും അടുത്ത ദിവസം തന്നെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ടി.ഡി.ഒ ചർച്ചയിൽ അറിയിച്ചു.

ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ വിദ്യാവാഹിനി സർവീസ് പുനരാരംഭിക്കുന്നതിനും കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തീരുമാനമായി. ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ ഹെഡ്മിസ്ട്രസ്, ഡ്രൈവർമാർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

No comments