തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു; മദ്യകുപ്പികൾക്ക് ആരതി നടത്തി ആഘോഷം
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡിനെ തുടർന്ന് അടച്ചിട്ട മദ്യശാലകൾ തുറക്കാൻ എംകെ സ്റ്റാലിൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള 27 ജില്ലകളിലെ മദ്യശാലകൾ നിശ്ചിതകാലത്തേക്ക് തുറക്കാനാണ് തീരുമാനം. സർക്കാർ തീരുമാനം ആഘോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാനത്ത മദ്യപാനികൾ.
മധുരൈയിൽ മദ്യശാല തുറന്നതോടെ ആരതി ഉഴിഞ്ഞാണ് ഒരാൾ മദ്യം വാങ്ങാനെത്തിയത്. എഎൻഐ റിപ്പോർട്ട് ചെയ്ത വാർത്തയിൽ മദ്യശാലയ്ക്ക് മുന്നിൽ ആരതി ഉഴിഞ്ഞ് മദ്യം വാങ്ങാൻ എത്തിയ ആളെ കുറിച്ച് പറയുന്നു. മദ്യകുപ്പികൾ ആരതി ഉഴിഞ്ഞ് രണ്ട് കുപ്പി മദ്യവും വാങ്ങിയാണ് ഇയാൾ മടങ്ങിയത്.
മദ്യം വാങ്ങിയതിനു ശേഷം മദ്യശാലയ്ക്ക് മുന്നിൽ നിന്ന് മദ്യകുപ്പിയെ തൊഴുന്നതും ചുംബിക്കുന്നതും ആരതി ഉഴിയുന്നതും വീഡിയോയിൽ കാണാം. സോഷ്യൽമീഡിയയിൽ വീഡിയോ ഇതിനകം വൈറലാണ്.
രസകരമായ രീതിയിലാണ് നെറ്റിസൺസ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്ത് തരത്തിലുള്ള ആചാരമാണിതെന്ന് അറിയില്ലെങ്കിലും താനും ഉണ്ടെന്നാണ് ഒരാളുടെ പ്രതികരണം.
ഇന്ത്യൻ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ഹീറോകൾ എന്നാണ് വേറൊരാളുടെ കമന്റ്.
അതേസമയം, തമിഴ്നാട്ടിൽ മദ്യശാലകൾക്ക് ഇളവ് അനുവദിച്ചെങ്കിലും ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടിയിട്ടുണ്ട്. രോഗികള്‍ കൂടുതലുള്ള കോയമ്പത്തൂര്‍, ഈറോഡ്, സേലം തുടങ്ങിയ പതിനൊന്ന് ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.ചെന്നൈ ഉള്‍പെടുന്ന 27 ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവിടെ രാവിലെ 10 മുതല്‍ 5 വരെ സര്‍ക്കാർ ഉടമസ്ഥതയിലുള്ള മദ്യശാലകൾ തുറക്കും.
ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി. ഇ–റജിസ്ട്രേഷനോടെ ജില്ലാന്തര യാത്രകള്‍ക്കു ടാക്സി വാഹനങ്ങള്‍ക്ക് അനുമതി നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള മൈതാനങ്ങളും പാര്‍ക്കുകളും രാവിലെ ആറുമുതല്‍ രാത്രി 9 വരെ തുറക്കും.
No comments