Breaking News

തൃക്കരിപ്പൂർ ചന്തേരയിലെ വയോധികൻ്റെ മരണം കൊലപാതകം: സംഭവത്തിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ


തൃക്കരിപ്പൂർ: പിലിക്കോട് മടിവയലിലെ കുഞ്ഞമ്പുവി (65) നെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായി. കൊലയാളികളായ ഭാര്യയും സഹോദരിയുടെ മക്കളും അടക്കം മൂന്ന് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.


തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി (58), സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി രാജേഷ്, കണ്ടങ്കാളിയിലെ അനിൽ എന്നിവരാണ് അറസ്റ്റിലായത്.ചന്തേര പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മറ്റൊരാളെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു.


കോവിഡ് ബാധിതനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ കുഞ്ഞമ്പുവിനെ പരിചരിക്കുന്നതിലെ പ്രയാസവും കുത്തുവാക്കുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്.ബുധനാഴ്ച രാത്രി 10 നും 11 മിടയിൽ പ്രതികൾ കുഞ്ഞുമ്പിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച രാത്രി ഒരു മണിയോടെ മൂന്ന് പേർ  വാഹനത്തിൽ മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കട്ടിലിൽ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് മൃതദേഹം പരിയാരത്തേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്.


വ്യാഴാഴ്ച രാവിലെയാണ്  ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനായ കുഞ്ഞമ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞമ്പുവിന്റെ നെറ്റിയിലും താടിയിലും മുറിവ് കണ്ടെത്തിയിരുന്നു. കഴുത്ത് മുറുക്കിയതിന്റെ പാടുകളുമുണ്ടായിരുന്നു. മുറിയിൽ രക്തകറ കഴുകി വൃത്തിയാക്കിയതായും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.കുഞ്ഞമ്പുവിന്റെ ബന്ധുക്കളായ നാലു പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയാരുന്നു. കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകിയെയും ചോദ്യം ചെയ്യാനായി ചന്തേര പൊലീസ് വിളിപ്പിച്ചതോടെയാണ് കൊലയുടെ യഥാർത്ഥ ചിത്രം പൊലീസിന് കിട്ടിയത്.

No comments