മീൻപിടിത്തക്കാരനായി ഒളിവിൽക്കഴിഞ്ഞ പിടിച്ചുപറിക്കേസ് പ്രതി ചന്തേര പോലീസിന്റെ പിടിയിൽ
ചെറുവത്തൂർ: പിടിച്ചുപറിക്കേസുകളിലെ പ്രതി ആറുമാസം മീൻപിടിത്ത തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ചന്തേര പോലീസിന്റെ വലയിലായി. വളപട്ടണം, എടക്കാട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതി മാഹി പട്ടാണിപറമ്പത്തെ പി.പി. രാകേഷിനെ (34) ആണ് ചന്തേര ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, പി.പി. സുധീഷ് എന്നിവർ നാട്ടുകാരുടെ സഹായത്തോടെ ഓരി ചെമ്പന്റെമാടുവെച്ച് അറസ്റ്റ് ചെയ്തത്.
ആറുമാസം മുൻപ് മാഹിയിൽനിന്ന് വലിയപറമ്പിലെത്തിയ പ്രതി പടന്നയിലും വലിയപറമ്പിലുമായി താമസിച്ച് യന്ത്രവത്‌കൃത മീൻപിടിത്ത ബോട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ വളപട്ടം ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാലുദിവസം മുൻപാണ് ഓരി പുഴയോരത്തെ കുടിലിൽ താമസമാക്കിയത്. കുടിലന്റെ പിറകിൽ തോണിയുണ്ട്. തോണിയിലൂടെ പുഴമാർഗമാണ് ബോട്ടിലേക്ക് പോക്കുവരവ്.ഇതിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലരിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി. ചൊവ്വാഴ്ച ഉച്ചയോടെ പിടിച്ച പ്രതിയെ ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ എസ്.ഐ. എം.വി. ശ്രീദാസ് എന്നിവർ ചേർന്ന് വളപട്ടണം പോലീസിന് കൈമാറി.
No comments