Breaking News

കാസർകോട് ആസ്ട്രൽ വാച്ചസുണ്ടായിരുന്ന രണ്ടേക്കറിൽ പുതിയ സ്ഥാപനം വരുന്നു


19 വർഷം മുമ്പ് അടച്ചുപൂട്ടിയ കാസർകോട്ടെ പൊതുമേഖലാ സ്ഥാപനമായ ആസ്ട്രൽ വാച്ചസിന്റെ രണ്ട് ഏക്കർ സ്ഥലത്ത് പുതിയ സ്ഥാപനം വരുന്നു. സ്ഥാപനത്തിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.

കാസർകോട് നഗരത്തോട് ചേർന്ന് നെല്ലിക്കുന്നിലാണ് രണ്ട് ഏക്കർ സ്ഥലമുള്ളത്. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീഴാൻ പാകത്തിലാണ് ഇവിടെയുള്ള ഇരുനില കെടിടം. 1979-ൽ പ്രവർത്തനം തുടങ്ങിയ ആസ്ട്രൽ വാച്ചസ് തുടക്കത്തിൽ നല്ല ലാഭത്തിലായിരുന്നു. എൺപതുകളുടെ അവസാനം ടേപ്പ് റെക്കോർഡറിന്റെ ചില പാർട്ട്സ് ഉണ്ടാക്കിക്കൊടുക്കുന്ന കമ്പനിയായി വികസിപ്പിക്കാൻ നീക്കം നടന്നു. ടേപ്പ് റെക്കോർഡർ സാങ്കേതികവിദ്യ പെട്ടെന്ന് അപ്രസക്തമായതോടെ ഈ നീക്കം പാളി. 1992 മുതൽ തകർച്ച തുടങ്ങി. 2002ൽ കമ്പനി ലേ ഓഫ് പ്രഖ്യാപിച്ചു. 2005-ൽ സ്വയം വിരമിക്കൽ പദ്ധതിയും വന്നു. അങ്ങനെ സ്ഥാപനത്തിന് പൂട്ട് വീഴുകയായിരുന്നു. സ്ഥലം കാസർകോട് നഗരമധ്യത്തിലായിട്ടും ഇവിടെ മറ്റൊരു സ്ഥാപനം തുടങ്ങാൻ 19 വർഷമായി സർക്കാറുകൾ ശ്രമിച്ചിരുന്നില്ല. ഇപ്പോൾ പുതിയ സ്ഥാപനം വരുമെന്ന വാർത്ത പ്രതീക്ഷ നൽകുന്നതാണ്.

No comments