Breaking News

ശബരിമലയിൽ കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സർക്കാർ


ശബരിമല തീര്‍ത്ഥാടത്തിനായി കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍ . നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്താനും കൂടുതല്‍ സൌകര്യങ്ങളൊരുക്കാനും പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. കോവിഡ് രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ കാലാവസ്ഥാ പ്രതിസന്ധികളും ഒഴിഞ്ഞതോടെയാണ് ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഭക്തര്‍ക്ക് അവസരമൊരുങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്കകം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളും. തീര്‍ത്ഥാടനം പത്ത് ദിവസം പിന്നിട്ടതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗം നിലവിലെ സാഹചര്യങ്ങള്‍ തൃപ്തികരമാണന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ കൂടുതല് സൌകര്യങ്ങളൊരുക്കാനും നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും മന്ത്രി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യവും നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യവും പരിഗണിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. പമ്പ സ്നാനത്തിന് അനുമതി നല്‍കുന്നതും കോവിഡ് പരിശോധനകളിലെ ഇളവുകള്‍ സംബന്ധിച്ചും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ വേഗത്തില്‍ തീരുമാനങ്ങളുണ്ടാകും. തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്ദഗോപന്‍ , എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments