'പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് ചെയ്യാനാകില്ല'; അമ്പലവയൽ കൊലപാതകത്തിൽ മറ്റ് ചിലർക്കും പങ്കെന്ന് വയോധികന്റെ ഭാര്യ
വയനാട് അമ്പലവയൽ ആയിരം കൊല്ലിയിൽ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ. പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനടക്കം കുടുംബത്തിലെ കൂടുതല്‍ പേർക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നും മുഹമ്മദിന്റെ ഭാര്യ ആരോപിച്ചു. മുഹമ്മദിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയാണ് പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളുടെ അമ്മ. മുഹമ്മദ് ഈ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നെന്നും, ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍കൂടിയായ പെണ്‍കുട്ടികളുടെ പിതാവുമായി തർക്കമുണ്ടായിരുന്നു എന്നുമാണ് മുഹമ്മദിന്റെ ഭാര്യ പറയുന്നത്.
കൊല്ലപ്പെട്ട മുഹമ്മദും കുടുംബവും പൊലീസ് കസ്റ്റഡിയിലുള്ള സ്ത്രീകളും കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവദിവസം കോഴിക്കോട് പോയിരുന്ന താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സംശയാസ്പദമായ രീതിയിലായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും ഇവർ പറയുന്നു. '11 15 വരെ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കോഴിക്കോട് പോയിരുന്ന ഞാന്‍ തിരിച്ചുവന്ന് ചോദിച്ചപ്പോള്‍ ഇക്ക പുറത്തുപോയെന്ന് പറഞ്ഞു. വീടിനകത്ത് നനവ് കണ്ട് പെെപ്പ് പൊട്ടിയോ എന്ന് ചോദിച്ചപ്പോള്‍ വെള്ളം മറിഞ്ഞുവീണതാണെന്ന് പറഞ്ഞു. എന്നെ കണ്ടയുടനെ ചെറിയകുട്ടി പുറത്തേക്ക് ഓടി. ചോദിച്ചപ്പോള്‍ കാല് മുറിഞ്ഞിട്ടുണ്ടെന്നും പ്ലാസ്റ്റര്‍ വാങ്ങാന്‍ പോകുകയാണെന്നും പറഞ്ഞു. നാത്തൂന്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയില്‍ നിന്നുവന്ന അവർക്കും കൊലപാതകം നടത്താനാകില്ല. ഞങ്ങളിവിടെ ഇല്ലാത്ത തക്കം നോക്കി ആങ്ങളെയെ വിളിച്ചുവരുത്തി എല്ലാവരും ചേർന്ന് കൊല്ലുകയായിരുന്നു'
കഴിഞ്ഞദിവസമാണ് അമ്പലവയൽ ആയിരം കൊല്ലിയിൽ വൃദ്ധന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 68 വയസുകാരന്‍ മുഹമ്മദിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് 4. 30 യോടെയാണ് 15 ഉം 16 ഉം വയസ്സുള്ള 2 പെൺകുട്ടികള്‍ അമ്പലവയൽ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊലപാതക വിവരം പെൺകുട്ടികൾ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.മുഹമ്മദിന്റെ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയും, മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പൊട്ട കിണറ്റിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടികൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തില്‍ കുട്ടികളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ മുഹമ്മദിന്റെ മൃതദേഹത്തില്‍ നിന്ന് മുറിച്ചെടുത്ത കാല്‍ അമ്പലവയലിലെ മാലിന്യപ്ലാന്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ നിലവില്‍ ജുവനെെല്‍ ഹോമിലാണുള്ളത്. ഇവരുടെ അമ്മയെ സുല്‍ത്താന്‍ ബത്തേരി കോടതിയിലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുശേഷം കൂടുതല്‍ തെളിവെടുപ്പ് നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
No comments