Breaking News

കളക്ടർ നിർദ്ദേശിച്ച കമ്മറ്റികൾ റിപ്പോർട്ട് സമർപ്പിച്ചില്ല: വെള്ളരിക്കുണ്ട് വടക്കാകുന്നിൽ സമരം ശക്തമാക്കാനൊരുങ്ങി സംരക്ഷണ സമിതി

വെള്ളരിക്കുണ്ട്: വടക്കാകുന്ന്- മരുതുകുന്ന് ഭാഗങ്ങളിലായി വൻകിട ഖനന നീക്കങ്ങൾക്കെതിരെ പ്രദേശവാസികൾ നടത്തിവന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി റവന്യൂ മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറർ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകൾ ബോധ്യപ്പെടുകയും, കളക്ടറുടെ ചേമ്പറിൽ  ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം ചേരുകയും ചെയ്തിരുന്നു. യോഗത്തിൽ വെച്ച് പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ചും, സ്ഥലം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചും പഠിക്കുന്നതിന് രണ്ട് കമ്മിറ്റികൾ രൂപീകരിക്കുകയും, സംരക്ഷണ സമിതി പ്രവർത്തകരെ ഉൾപ്പെടുത്തി പ്രദേശം സന്ദർശിച്ച്  റിപ്പോർട്ട് 2021 ഡിസംബർ 28 ന് ചേരുന്ന യോഗത്തിൽ  സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തീരുമാനിച്ച തീയതി പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയൊ യോഗം ചേരുകയൊ ചെയ്തിട്ടില്ല.ജനങ്ങളുടെ ജീവനും, സ്വത്തിനും, ആരോഗ്യപരമായ ജീവിതത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ആയിരകണക്കിന് ജനങ്ങളുടെ കുടിവെള്ളത്തിനുമെല്ലാം സംരക്ഷണം നൽകി പ്രദേശവാസികളുടെ പരാതികളും ആശങ്കകളും പരിഹരിച്ച് ജനങ്ങൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ഉണ്ടാകാത്ത പക്ഷം ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിച്ച് നിയമ ലംഘനങ്ങളിലൂടെ നൽകിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതുവരെ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുൻപിലേക്ക് പോകാൻ സംരക്ഷണ സമിതി യോഗത്തിൽ തീരുമാനിച്ചു.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രഷ്ട്രീയ കക്ഷികൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, കുടുംബശ്രീ, പുരുഷ സ്വാശ്രയ സംഘങ്ങൾ തുടങ്ങി ഏവരെയും പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചുചേർത്ത് സംരക്ഷണ സമിതി വിപുലീകരിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തുടർ പ്രക്ഷോഭ സമര പരിപാടികൾ തീരുമാനിക്കും. കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളുന്നതുവരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന പ്രതിവാര സമര പരിപാടികൾ തുടരും.

No comments