ബോവിക്കാനത്ത് നോളജ് ഇക്കണോമി മിഷൻ തൊഴിൽ മേള 11ന് : അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ
ബോവിക്കാനം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് മിഷന്‍ ഇക്കണോമി ജനുവരി 11 ന് ബോവിക്കാനം എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന തൊഴില്‍ മേളയുടെ സാധ്യതകള്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ (ഡിഡബ്ല്യൂഎംഎസ്) രജിസ്റ്റര്‍ ചെയ്യണം.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗായിട്ടാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട്് 6 വരെയാണ് തൊഴില്‍ മേള .
ഐ.ടി, എന്‍ജിനീയറിങ്, ടെക്നിക്കല്‍ ജോബ്സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, മൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടെയ്ല്‍, ഫിനാന്‍സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എജുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിങ്, അഡ്മിനിസ്ട്രേഷന്‍, ഹോട്ടല്‍ മാനേജ്മെന്റ്, നികുതി തുടങ്ങിയ മേഖലകളിലെ 100 ലധികം കമ്പനികളിലായി 15,000 ത്തിലധികം ഒഴിവുകള്‍ സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ വര്‍ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള ഉദ്യോഗാര്‍ഥികളെയും സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കെ ഡിസ്‌കും കേരള നോളേജ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് , ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കേരള നോളജ് ഇക്കണോമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ സിബി അക്ബര്‍ അലി എന്നിവര്‍ സംബന്ധിച്ചു.
No comments