Breaking News

'ഒറ്റ ദിവസത്തിനുള്ളിൽ തന്നെ ആധാരം'; രജിസ്‌ട്രേഷൻ പൂർണമായും ഓൺലൈനാക്കാൻ ശ്രമമെന്ന് മന്ത്രി വിഎൻ വാസവൻ


തിരുവനന്തപുരം: ആധാരം രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ആധാരം ഹാജരാക്കിയ ദിവസം തന്നെ നടപടി പൂര്‍ത്തിയാക്കി തിരികെ നല്‍കാന്‍ നടപടിക്രമങ്ങള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒ എസ് അംബിക, എം. രാജഗോപാലന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി.പി. സുമോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സംബന്ധിച്ച് മന്ത്രി വിശദീകരണം നല്‍കിയത്.

ആധാര രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. രജിസ്ട്രേഷന്‍ വകുപ്പിന്റെ എല്ലാ ഓഫിസുകള്‍ക്കും ഇ-ഓഫീസ് സൗകര്യം ഉറപ്പാക്കും. എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ റെക്കോര്‍ഡ് മുറികളിലും ആധുനിക രീതിയിലെ കോംപാക്ടറുകള്‍ സ്ഥാപിക്കും. അതിനായി രജിസ്ട്രാറുടെ മുന്നില്‍ ഹാജരാകേണ്ടതില്ലാത്ത വിധത്തിലേക്ക് സംവിധാനത്തെ എത്തിക്കുകയാണ് ലക്ഷ്യം.നടപടികള്‍ ജനസൗഹൃദമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വെബ്സൈറ്റ് കൂടുതല്‍ മികവുറ്റതാക്കാനും റവന്യു, സര്‍വേ വകുപ്പുകളുടെ ആധുനിക വല്‍ക്കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് ഓഫീസിലും രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാറ്റിസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

രജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുംനിന്ന് വായ്പകളുമായി ബന്ധപ്പെട്ട കരാറുകള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ കരാര്‍ തയാറാക്കാനുള്ള സംവിധാനം നടപ്പിലാക്കും. എല്ലാ ആധാരങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതിക രൂപം തയാറാക്കുകയും മുന്‍ ആധാര വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കുകയും ചെയ്യും.

No comments