Breaking News

കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കരുതെന്ന് കത്ത്: കാസർകോട് എംപിയുടെ നിലപാടിൽ മലയോര കർഷകർക്ക് രോഷം വെള്ളരിക്കുണ്ടിലെ കർഷകൻ്റെ ശബ്ദസന്ദേശവും വൈറലായിക്കഴിഞ്ഞു


 വെള്ളരിക്കുണ്ട്:  രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ മലയോരത്ത്‌ കർഷക രോഷം പുകയുന്നു. കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട്‌ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതോടെയാണ്‌ ഉണ്ണിത്താൻ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ്‌ കാണിച്ചുവെന്ന തെളിവുമായി കേരള സ്വതന്ത്ര കർഷക അസോസിയേഷൻ (കിഫ) രംഗത്ത്‌ എത്തിയത്‌. 

1972 ലെ വന്യ ജീവി സംരക്ഷണനിയമത്തിന്റെ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളോട് ശുപാർശകൾ ആരാഞ്ഞിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ ഫെബ്രുവരി ഒമ്പതിന്‌ അയച്ച കത്തിൽ ജന്തുശല്യ വിഭാഗം(വെർമിൻ) തന്നെ വേണ്ട എന്നാണ് പറയുന്നത്‌. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഉണ്ണിത്താന്റെ കത്ത്‌ കിഫ ഭാരവാഹികൾ പുറത്തുവിട്ടു. 

മൃഗങ്ങളെ ശല്യമായി പ്രഖ്യാപിക്കുന്ന സെക്ഷൻ 62കലഹരണപ്പെട്ടതാണെന്നും, ദുരുപയോഗിക്കപ്പെടുമെന്നും കത്തിൽ പറയുന്നു. പാലക്കാട് കാട്ടുപന്നിക്ക് വച്ച പടക്കം കടിച്ചു ഗർഭിണിയായ ആന ചരിഞ്ഞത് ഉദാഹരിക്കുന്നു.  ഇതേ എംപി ഏതാനും നാളുമുമ്പ്‌ ലോക്‌സഭയിൽ കാട്ടുപന്നിയെ വെർമിൻ ആക്കണമെന്ന് ആവശ്യപ്പെട്ട് സബ്‌മിഷൻ ഉന്നയിച്ചിരുന്നു. എംപിയുടെ ഇരട്ടത്താപ്പ്‌ ഇതിലൂടെ വ്യക്തമായതായി  കർഷകർ പരിഹസിക്കുന്നു.  

 കാട്ടുപന്നിയെ ശല്യമായി പ്രഖ്യാപിക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട്‌ നിരന്തരം ആവശ്യപ്പെട്ട സമയത്താണ്‌  രാജ്‌മോഹൻ ഉണ്ണിത്താന്റെ നിലപാടും കത്തും. വന്യജീവി ശല്യം മൂലം ജീവനും സ്വത്തും അപകടത്തിലായ ജനങ്ങളോട് അവർക്ക്‌ അനുകൂലമായി  പറയുകയും  രേഖപ്പെടുത്തേണ്ടിടത്ത്‌ മറ്റൊന്ന്‌ പറയുകയും ചെയ്യുന്ന എംപിക്കെതിരെ  കിഫ ഭാരവാഹികൾ രൂക്ഷമായ വിമർശമാണുന്നയിക്കുന്നത്‌.  ഇത്തരം നിലപാട്  തുടർന്നാൽ അതെല്ലാം വെളിച്ചത്തു കൊണ്ടുവരുമെന്നും  പ്രവർത്തകർ പറഞ്ഞു. 

എന്നാൽ താൻ അത്തരത്തിലൊരു കത്ത് നൽകിയിട്ടില്ലെന്നും തന്നെ ആരോ കബളിപ്പിച്ചതാണെന്നും എം.പി പറയുന്നു. പ്രസംഗത്തിൽ പറഞ്ഞ നിലപാടാണ് തൻ്റേതെന്നും എം.പി മറുപടി നൽകി.എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രസ്താവനയൊന്നും എം പി പുറത്തുവിട്ടിട്ടില്ല.

പ്രസംഗത്തിൽ ഒരു നിലപാടും പ്രവർത്തിയിൽ കർഷക വിരുദ്ധതയും കാണിച്ച എം.പിയുടെ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ട് ശക്തമായ ഭാഷയിൽ വെള്ളരിക്കുണ്ടിലെ ജോഷ്വാ ഒഴുകയിൽ എന്ന  കർഷകൻ എംപിയുമായി ഫോൺ വഴി സംസാരിക്കുന്നതും ഒടുവിൽ മറുപടി പറയാൻ കഴിയാതെ എംപി ഫോൺ കട്ട് ചെയ്ത് പോകുന്നത് അടക്കമുള്ള ശബ്ദസന്ദേശം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഓഡിയോ ലിങ്ക് ....

 https://fb.watch/cEpSjhlhxl/

No comments