Breaking News

'ലൗ ജിഹാദ് എന്ന പദം ഉപയോഗിച്ചത് പരിപാടിക്ക് ആളെ കൂട്ടാൻ'; കോടഞ്ചേരിയിലെ വിവാഹ വിവാദത്തിൽ സിപിഐഎം അച്ചടക്ക നടപടിക്ക്


കോഴിക്കോട്: കോടഞ്ചേരിയിലെ വിവാഹ വിവാദത്തില്‍ അച്ചടക്ക നടപടി. മതംമാറി വിവാഹിതനായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസിനെതിരെയാണ് സിപിഐഎം നടപടിക്ക് ഒരുങ്ങുന്നത്. കോടഞ്ചേരിയില്‍ മത സ്പര്‍ധ വളര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വിലയിരുത്തലിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 'ഷെജിന്റെ നടപടിക്ക് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി. ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു'. പ്രണയം ഷെജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ സിപിഐഎം ഇന്ന് കോടഞ്ചേരിയില്‍ നടത്താനിരുന്ന വിശദീകരണ യോഗത്തില്‍ ലൗ ജിഹാദ് എന്ന പദപ്രയോഗം നടത്തിയത് സംബന്ധിച്ച വിവാദത്തിലും ജോര്‍ജ് എം തോമസ് നിലപാട് വ്യക്തമാക്കുന്നുണ്ട്. വിശദീകരണ യോഗത്തിന്റെ പോസ്റ്ററില്‍ ലൗജിഹാദ് എന്ന് കൊടുത്തത് ആളെ ആകര്‍ഷിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതിനിടെ, ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് എത്തിയിരുന്നു. ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്‌ഐ. ലവ് ജിഹാദ് നിര്‍മ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്നും പ്രസ്താവനയില്‍ പറയുന്നു.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം എന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കുമ്പോഴാണ് വിശദീകരണ യോഗത്തിന്റെ പോസ്റ്ററില്‍ ലൗജിഹാദ് എന്ന് കൊടുത്തത് സിപിഐഎം സെക്രട്ടേറിയേറ്റ് അംഗം ചൂണ്ടിക്കാട്ടുന്നത്.

No comments