Breaking News

'ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും'; മുട്ടുകുത്തി ഭക്തന് ദക്ഷിണ നൽകി മുത്തപ്പൻ ആറാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലും തളർന്ന ഗോളിബീജെ സ്വദേശി ഗോപിയാണ് മുത്തപ്പനെ കാണാനെത്തിയത്


മടിക്കേരി: മടപ്പുര ഉത്സവത്തിനിടെ മുട്ടുകുത്തി നിന്നുകൊണ്ട് ഇരുകാലുകളും തളർന്ന ഭക്തന് അനുഗ്രഹം നൽകുന്ന മടിക്കേരി മുത്തപ്പന്റെ ചിത്രം ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നു. ജനങ്ങളുടെ നീണ്ട നിരയ്ക്ക് പിന്നിൽ നിലത്തിരിക്കുന്ന ഭക്തനെ കണ്ടുകൊണ്ടാണ് മുത്തപ്പൻ എത്തിയത്. ''ഇത് മുത്തപ്പൻ തരുന്നത്. ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും''- ബ്രഹ്മകലശക്കല്ലിനരികിൽ ദർശനം കാത്തിരുന്ന ഭക്തന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുത്തപ്പൻ പറഞ്ഞു.

ആറാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലും തളർന്ന ഗോളിബീജെ സ്വദേശി ഗോപിയാണ് മുത്തപ്പനെ കാണാനെത്തിയത്. ഭക്തരുടെ നീണ്ടനിരയ്ക്കു മുന്നിൽ നിൽക്കുന്നതിനിടയിൽ ഒരുവേള മുത്തപ്പന്റെ കണ്ണ് തിരക്കിൽ നിന്ന് മാറി, നിലത്തിരിക്കുന്ന ഗോപിയിലുടക്കി. അതോടെ ഗോപിക്കു മുന്നിലെത്തി. കൈയിലുണ്ടായിരുന്ന ദക്ഷിണ ഗോപിയുടെ കൂപ്പിയ കൈവിടർത്തി അതിൽ നൽകി. ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത് വിദ്യാർഥികളായ സഹോദരിമാർ വീക്ഷിതയും വിസ്മിതയുമാണ്. മുളിയാലേബട്ടിലെ വിമുക്ത ഭടൻ ബി എസ് വിഷ്ണു പൂജാരിയുടെയും മുത്തപ്പൻ മടപ്പുരയിലെ ജീവനക്കാരി ബേബിയുടെയും മക്കളാണിവർ. ക്ഷേത്രോത്സവത്തിൽ മുത്തപ്പന്റെ കോലമണിഞ്ഞത് കണ്ണൂർ അഴീക്കോട് പാലോട്ടുകാവ് സ്വദേശി കെ പി പ്രസൂണാണ്. ''വഴിയിൽ ചങ്ങാതി, കാട്ടിൽ കാട്ടാളൻ, വീട്ടിൽ ധർമദൈവം അതാണ് മുത്തപ്പൻ. ഭക്തരെങ്ങനെയോ അതുപോലെയാകണം ദൈവം''- എന്നാണ് ആ നിമിഷത്തെ കുറിച്ച് പ്രസൂൺ വിവരിക്കുന്നത്.


No comments