Breaking News

106 കിലോയുടെ കാച്ചിൽ, 52 കിലോയുടെ ചേന, 158 തരം നെൽവിത്തുകൾ, ഫ്ലവർഷോ, പെറ്റ് ഷോ, അമ്യൂസ്മെൻ്റ്.. വിനോദവും വിജ്ഞാനവും പകർന്ന് 'തളിര് മാലോം ഫെസ്റ്റ്' ശ്രദ്ധേയമാകുന്നു..




വെള്ളരിക്കുണ്ട്: മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആഥിത്യമരുളുന്ന മലയോര മഹോത്സവം തളിര് 2022 മാലോം ഫെസ്റ്റിന് ജനത്തിരക്കേറുന്നു. മാലോം ജോർജ് മുത്തോലി നഗറിൽ ഈ മാസം 24 വരെ നീണ്ടു നിൽക്കുന്ന വിനോദമാമാങ്കത്തിലേക്ക് മലയോരത്തിന് പുറത്തു നിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്. ബേക്കൽ കോട്ടയുടെ മാതൃകയിൽ നിർമ്മിച്ച പ്രവേശന കവാടം പ്രദർശന നഗരിയെ ആകർഷകമാക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കാർഷിക നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും, ഫ്ലവർഷോ, പെറ്റ് ഷോ, അലങ്കാര മൽസ്യ പ്രദർശനം, കരകൗശല വസ്തുക്കളുടെ പ്രദർശനം, വിവിധ തരം റൈഡുകളോട് കൂടിയ അമ്യൂസ്മെൻ്റ് പാർക്ക്, എല്ലാ ദിവസവും കലാസന്ധ്യ എന്നിവയും മലയോര ജനതയെ ഉല്ലാസത്തിൽ ആറാടിക്കാൻ ഒരുക്കിയിരിക്കുന്നതായി സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം പറഞ്ഞു


കാർഷിക പ്രദർശനത്തിൽ പറമ്പയിലെ ബിനു തുരുത്തേലിൻ്റെ 52 കിലോ തൂക്കമുള്ള ചേനയും, അതോടൊപ്പം 106 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ക്വിൻ്റൽ കാച്ചിലും, 52 കിലോയുടെ ഏത്തക്കുലയുമാണ് മുഖ്യ ആകർഷണം. കൂടാതെ സൗദി ചെരക്ക, കമണ്ടലു, 158 തരം നെൽവിത്തുകൾ, 30 തരം കാച്ചിൽ, 15 തരം മഞ്ഞൾ, 30 തരം റോസ, പ്രമേഹരോഗികൾക്ക് ഉത്തമമായ മക്കോട്ടക്കാവ ചെടി, മണ്ണ് ഉപയോഗിക്കാതെ വെള്ളം ഉപയോഗിച്ച് മാത്രം കൃഷി ചെയ്യുന്ന അക്വാപോണിക്സ് പ്രദർശനം, മത്സ്യക്കുളം ഉൾപ്പടെ ചുള്ളി ഫാമിൻ്റെ വിവിധ നടീൽ വസ്തുക്കളുടെ പ്രദർശനവും തളിര് മാലോം ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.


സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം, ജന.കൺവീനർ ആൻഡ്രൂസ് വട്ടക്കുന്നേൽ, ട്രഷറർ ജോബി കാര്യാവിൽ എന്നിവർ നേതൃത്വം കൊടുക്കുന്ന വിപുലമായ സംഘാടക സമിതിയാണ് മേളക്ക് ചുക്കാൻ പിടിക്കുന്നത്.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്







No comments