Breaking News

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു മലയോര മേഖലയിൽ കാർഷിക രംഗത്ത് ഏറെ ഗുണം ചെയ്യും


വെള്ളരിക്കുണ്ട്: (www.malayoramflash.com) മലയോര കാർഷിക മേഖലയായ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ കൃഷിക്കാർക്ക് മണ്ണ് പരിശോധിക്കാനും ഉചിതമായ വളപ്രയോഗത്തിനും ഉതകുന്ന രീതിയിൽ ജില്ലയിൽ അനുവദിക്കപ്പെട്ട സഞ്ചരിക്കുന്ന മണ്ണുപരിശോധന ലാബിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ഈ പ്രദേശത്തെ ജനങ്ങൾക്ക് മണ്ണ് പരിശോധനയ്ക്കായി ജില്ലാ ആസ്ഥാനത്തിൽ എത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 

കാസർകോട് ജില്ലക്കായി 2019 മാർച്ചിൽ ഒരേസമയം 40 പരിശോധനകൾ നടത്താനുള്ള അത്യാധുനിക സൗകര്യത്തോടെ, 50 ലക്ഷം രൂപ ചെലവിലുള്ള ഒരു സഞ്ചരിക്കുന്ന മണ്ണ് പരിശോധനലാബ് അനുവദിച്ചിരുന്നു. മൂന്ന് വർഷത്തോളമായിട്ടും ലാബിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ഡ്രൈവർ, അറ്റന്റർ തുടങ്ങിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇക്കാരണം കൊണ്ട്തന്നെ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു മണ്ണ് പരിശോധന നടത്തി, കൃഷിക്കാർക്ക് ഉപയോഗപ്രദമാകേണ്ട മൊബൈൽ മണ്ണ് പരിശോധന ലാബ് പ്രവർത്തനസജ്ജമല്ലാതെ കിടക്കുന്നത് ദുരവസ്ഥതന്നെയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്,കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ, കാസർകോട് ജില്ലാ കളക്ടർ എന്നിവർക്ക് വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി  അംഗമായ ബാബു കോഹിനൂർ നിവേദനം സമർപ്പിച്ചിരുന്നു.

-ചന്ദ്രു വെള്ളരിക്കുണ്ട്

No comments