Breaking News

'പെൺകുട്ടിയുടെ ലജ്ജ കരുതിയാണ് മാറ്റി നിർത്തിയത്', പുരുഷൻമാരും സ്ത്രീകളും പൊതു വേദിയിൽ ഇടപഴകുന്ന രീതി ശരിയല്ല; പെൺവിലക്കിൽ ന്യായീകരണവുമായി സമസ്ത നേതാക്കൾ


കോഴിക്കോട്: പൊതു വേദിയില്‍ പത്താംക്ലാസുകാരിയെ അപമാനിച്ചെന്ന വിവാദത്തില്‍ ന്യായീകരണവുമായി മുതിര്‍ന്ന സമസ്ത നേതാക്കള്‍. പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ഗുണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിച്ച സമസ്ത നേതാക്കള്‍ വേദിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ലജ്ജ കണക്കിലെടുത്താണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നും അവകാശപ്പെട്ടു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, വിവാദത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ നടപടികളെ ന്യായീകരിച്ചത്.

സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞിട്ടില്ല. വിലക്ക് ആണെങ്കില്‍ വേദിയില്‍ കയറാന്‍ പാടില്ലെന്ന് പറയണം. അത് പറഞ്ഞിട്ടില്ല. വേദിയിലെത്തിയ കുട്ടിയ്ക്ക് പുരസ്‌കാരം നല്‍കി. അപ്പോള്‍ ഈ കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ കുട്ടിക്ക് ഉസ്താദുമാര്‍ ഇരിക്കുന്ന സദസിലേക്ക് കടന്നുവരാന്‍ ലജ്ജയുണ്ടെന്ന് മനസിലായി. അതിലാണ് അത്തരം ഒരു പ്രതികരണം ഉണ്ടായത് എന്നായിരുന്നു വിഷയം വിശദീകരിച്ച സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിഷയത്തെ വിശദീകരിച്ചത്.

'സ്ത്രീകള്‍ക്ക് മൊത്തത്തില്‍ ഒരു ലജ്ജയുണ്ടാവും എന്നാണ് മനസിലാക്കുന്നത്. ഈ കുട്ടിക്കും അതുണ്ടാവുമെന്ന് മനസിലായി. അങ്ങനെയെങ്കില്‍ മറ്റ് കുട്ടികള്‍ക്കും ഈ അവസ്ഥയാണ് ഉണ്ടാവുന്നത. അത്തരം ഒരു സാഹചര്യം സന്തോഷത്തേക്കാള്‍ ഏറെ പ്രയാസം ആണ് ഉണ്ടാവുക. ഇനി വിളിക്കാന്‍ പാടില്ല എന്ന് ആധികാരികമായി പറയാന്‍ പറ്റുന്ന ഒരാളോടാണ് പറഞ്ഞത്. കുട്ടികളെ അപമാനിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി ആയിരുന്നില്ല, വിഷമം ഇല്ലാതിരിക്കാനാണ് പറഞ്ഞത്. പറഞ്ഞ ശൈലി അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റേ ശൈലി എല്ലാവര്‍ക്കും അറിയാം'. എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവേദി സംബന്ധിച്ച് ഇസ്ലാമിക നിയമങ്ങളില്‍ മാനദണ്ഡങ്ങളുണ്ട്. അതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ചിലകുട്ടികള്‍ക്ക് പൊതു വേദിയില്‍ വരാന്‍ ബുദ്ധുമുട്ട് ഉണ്ടാകും. അതും പരിഗണിക്കണം. ബാലാവകാശ കമ്മീഷന്‍ കേസ് സ്വാഭാവിക നടപടിമാത്രമാണ്. അമ്പരപ്പ് ഉണ്ടാക്കിയത് മാധ്യമങ്ങളാണ്. ഗവര്‍ണര്‍ക്ക് സമസ്തയുടെ നിലപാടുകളും രീതികളെയും കുറിച്ച് അറിയുമോ എന്ന് അറിയില്ലെന്ന് വിമര്‍ശനത്തിന് മറുപടിയായി സമസ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. അപമാനിക്കുന്ന ഒന്നും അവിടെ ഉണ്ടായിട്ടില്ല. സന്തോഷകരമായാണ് കുട്ടി ഇറങ്ങിപ്പോയതെന്നായിരുന്നു വിവാദത്തിന് തുടക്കമിട്ട എംടി അബ്ദുള്ള മുസ്ലിയാര്‍ വിഷയത്തില്‍ നല്‍കിയ വിശദീകരണം. വേദിയില്‍ പുരുഷന്‍മാരും സ്ത്രീകളും ഇടപഴകുന്ന രീതി സമസ്തയ്ക്കില്ല, മറയ്ക്ക് അപ്പുറത്ത് ഇരുന്നു അവര്‍ ആസ്വദിക്കും സന്തോഷിക്കും, സന്തോഷം പ്രകടിപ്പിക്കും. അതാണ് രീതി. അതിന് വിരുദ്ധമായി സംഭവിച്ചപ്പോള്‍ ചോദ്യം ചെയ്തു എന്നത് മാത്രമാണ് സംഭവിച്ചത്. ചില ലജ്ജകള്‍ ആവശ്യമാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നത് പീഡനമാണ്. ആണും പെണ്ണും വ്യത്യാസുമില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


No comments