Breaking News

'വളരെ ക്ഷീണിതനായി സ്ഫടികം ജോർജേട്ടനെ കണ്ടു'; സുരേഷ് ഗോപിയുമായി അടുത്തതിനേക്കുറിച്ച് ടിനി ടോം


സുരേഷ് ഗോപിയ്ക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ടിനി ടോം. സുരേഷ് ഗോപി എന്ന വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ അദ്ദേഹത്തെ വിമർശിക്കരുത് എന്ന് ടിനി ടോം പറയുന്നു. അദ്ദേഹം നിരവധിപ്പേർക്ക് സഹായഹസ്തം നൽകിയിട്ടുള്ള വ്യക്തിയാണ്. സ്‌ഫടികം ജോര്‍ജ് എന്ന നടന്റെ ചികിത്സയ്ക്കായി സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ചും ടിനി ഓർക്കുന്നു.വർഷങ്ങൾക്ക് ശേഷം 'അമ്മ' സംഘടനയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയുടെ ചിത്രം ടിനി ടോം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നടന് നേരെ ചില പരിഹാസ കമന്റുകൾ വന്നിരുന്നു. ഈ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് നടൻ പ്രതികരണം നടത്തിയത്.

ടിനി ടോമിന്റെ വാക്കുകൾ:

സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള എന്റെ ഫോട്ടോയ്ക്ക് താഴെ പലരും നീ ചാണകം ചവിട്ടിയോ? ചാണകം ഗോപിയെ വെളുപ്പിക്കാനാണേൽ നടക്കില്ല മോനെ എന്നിങ്ങനെ കമന്റ് ചെയ്യുന്നു. പലർക്കും അങ്ങനെ ഒരു സംശയമുണ്ട്. എന്നാൽ അങ്ങനെ വെളുപ്പിക്കാനല്ല. അങ്ങനെ ഒരാളും വെളുക്കുകയുമില്ല. എന്റെ രാഷ്ട്രീയം എന്തെന്ന് എന്നോടൊപ്പം പഠിച്ച സുഹൃത്തുക്കൾക്ക് അറിയാം. ഇന്നത്തെ പല മന്ത്രിമാർക്കും അറിയാം. അത് എന്നും എന്റെ മനസ്സിലുണ്ട്. ഇന്ന് എന്റെ രാഷ്ട്രീയം എന്നത് നന്മ ചെയ്യുന്നവരുടെ കൂടി നിൽക്കുക എന്നതാണ്.

സുരേഷ് ഗോപിയുമായി എന്തുകൊണ്ട് അടുക്കുന്നു എന്ന് ചോദിച്ചാൽ അദ്ദേഹം എനിക്ക് ഒരു സിനിമ പോലും തന്നിട്ടില്ല. ഒരു രൂപ പോലും ഞാൻ അദ്ദേഹത്തിൽ നിന്നും വാങ്ങിയിട്ടില്ല. അങ്ങനെയാണെങ്കിൽ എനിക്ക് ഏറ്റവും അധികം കടപാടുള്ളത് മമ്മൂക്കയുമായാണ്. സിനിമ എന്ന ലോകത്തേക്ക് എന്നെ എത്തിച്ചത് അദ്ദേഹമാണ്. സുരേഷ് ഗോപി എനിക്ക് വേണ്ടി ഒരു പിന്തുണയും നൽകിയിട്ടില്ല. ഞാൻ അദ്ദേഹവുമായി അടുക്കാൻ ഒരു കാരണമുണ്ട്.ഒരിക്കൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷയ്ക്ക് പോയപ്പോൾ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് എന്ന വ്യക്തി എന്നോട് പറഞ്ഞു രു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ട്, ടിനി ഒന്നുപോയി കാണണം എന്ന്. സ്ഫടികം ജോർജാണ് അത്. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ക്ഷീണിതനായ ജോർജേട്ടനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. അതിന് ലക്ഷങ്ങൾ ആവശ്യമായുണ്ട്. പലരോടും ഞാൻ സഹായമഭ്യർത്ഥിച്ചു. എന്നാൽ അവരിൽ പലരും കൈമലർത്തി. ആ സമയമാണ് സുരേഷ് ഗോപി സാറിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചു കാണുന്നത്. എനിക്ക് അങ്ങനെ അടുപ്പമൊന്നുമില്ല. അദ്ദേഹത്തോട് കാര്യം അറിയിക്കുമ്പോൾ ഫ്ലൈറ്റിനു സമയമായി. ഫ്ലൈറ്റ് ലാൻഡ് ചെയ്താൽ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പർ എനിക്ക് എനിക്ക് തരണം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അത് ഒഴിവാക്കൽ ആണെന്നാണ് ഞാൻ കരുതിയത്. അദ്ദേഹം അന്ന് രാഷ്ട്രീയത് സജീവമായിട്ടില്ല. തിരുവന്തപുരത്ത് വെച്ച് ഞാൻ അദ്ദേഹത്തെ കാണുകയും പിന്നീട് കാര്യങ്ങൾ അതിവേഗതയിൽ നടന്നു. കിഡ്നി ട്രാൻസ്പ്ലാന്റേഷന്റെ സകല നൂലാമാലകളും തരണം ചെയ്ത് അദ്ദേഹം ഇന്ന് ജീവനോടെയിരിക്കുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ മീറ്റിങ്ങിൽ വെച്ച് അവർ തമ്മിൽ ആലിംഗനം ചെയ്തു.

അന്ന് മുതൽ ഞാൻ സുരേഷേട്ടനിൽ ആകൃഷ്ടനായി. ഞാൻ അദ്ദേഹത്തെ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ അദ്ദേഹം ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്. പഞ്ചായത്തിന്റെയോ സർക്കാറിൻേറയോ കാശ് എടുത്തല്ല, അദ്ദേഹത്തിന്റെ കൈയിൽ നിന്നുമാണ് പണം മുടക്കുന്നത്. അദ്ദേഹത്തിന്റെ രഷ്ട്രീയത്തെയോ മതത്തെയോ വെച്ച് വൈരാഗ്യം കാണിക്കരുത്. നന്മ ചെയ്യുന്ന മനുഷ്യനെ ഇരുകൈയും നീട്ടി സ്വീകരിക്കണം.

No comments