Breaking News

പൂക്കാർ സംഘം പുറപ്പെട്ടു; നീലേശ്വരം മന്നൻപുറത്ത് കാവ് കലശത്തിന് പൂത്താക്കൽ ചടങ്ങ് ഇന്ന്


നീലേശ്വരം: മന്നന്‍പുറത്ത് കാവ് കലശ മഹോത്സവത്തിന്റെ ഭാഗമായി പൂത്താക്കല്‍ ചടങ്ങ് ഇന്ന് നടക്കും. മന്നന്‍പുറത്ത് കാവിലെ ഭഗവതിമാരുടെ തീരുമുടി ഉയരുമ്പോള്‍ തെക്കെ കളരി, വടക്കേ കളരി ഭാഗത്ത് നിന്നും ഇരു കലശങ്ങളും പ്രദക്ഷിണം വെക്കണം. ഭാരമേറിയ കലശങ്ങള്‍ തീയ്യ സമുദായത്തില്‍ പെട്ട കലശക്കാരായ സംഘം മുളന്തണ്ടില്‍ ചുമലില്‍യേറ്റിയാണ് ക്ഷേത്രപ്രദക്ഷണം വയ്ക്കുന്നത്. വലിയ കായിക അദ്ധ്വാനമേറിയ പ്രവൃത്തി ആയതിനാല്‍ നൂറുകണക്കിന് അംഗങ്ങളാണ് ഇരു സംഘങ്ങളില്‍ ഉണ്ടാകുക. കവുങ്ങിന്‍ പൂക്കുലയാണ് കലശത്തില്‍ പ്രധാനമായും ചാര്‍ത്തുന്നത് കൂടാതെ ചെക്കിപ്പൂ, കുരുത്തോലെ തുടങ്ങിയവ കൊണ്ട് ആകര്‍ഷകമായി അലങ്കരിച്ചാണ് കലശം എഴുന്നള്ളിക്കുന്നത്. കലശ ചമയങ്ങള്‍ക്കാവശ്യമായ പൂക്കുല ശേഖരിക്കുക എന്ന പ്രധാന ചടങ്ങാണ് ഇന്ന്. തെക്കെ കളരി, വടക്കേ കളരി എന്നീ കളരികളില്‍ നിന്നും അവകാശികള്‍, ക്ഷേത്രം പ്രതിനിധികള്‍, കൂട്ടായ്ക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തീയ്യ സമുദായ അംഗങ്ങള്‍ വിവിധ സംഘങ്ങളായി തോടും, പുഴയും, കുന്നും കടന്ന് കാല്‍നടയായ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കലശ ചമങ്ങള്‍ക്കാവശ്യമായ വസ്തുകള്‍ ശേഖരിച്ചു കളരിയില്‍ ആര്‍പ്പ് വിളിയോടെ തിരിച്ചെത്തുന്നു. ഈ സംഘങ്ങളെ പൂക്കാര്‍ സംഘം എന്ന് വിളിക്കുന്നു. പൂക്കാര്‍ സംഘങ്ങള്‍ കാലാകാലങ്ങളായി പോകുന്ന സ്ഥലങ്ങളില്‍ അവര്‍ക്കാവശ്യമായ ഭക്ഷണ സൗകര്യങ്ങളും വിവിധ വീടുകളില്‍ ചെയ്തു കൊടുക്കുന്നു. രാത്രിയോടെ മുഴുവന്‍ പൂക്കാര്‍ സംഘങ്ങളും കളരികളില്‍ തിരിച്ചെത്തും. ജൂണ്‍ 4,5,6 ദിവസങ്ങളിലാണ് കലശമഹോത്സവം നടക്കുന്നത്.

No comments