Breaking News

ഒടുവിൽ ലോക റെക്കോർഡ് വെള്ളരിക്കുണ്ട് പുന്നക്കുന്നിലുമെത്തി.. ഇത് ഡോളി എന്ന ഗ്രാമീണ കർഷകയുടെ വിജയം..


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ തടത്തിൽ ഡോളി തൻ്റെ കൃഷിയിടത്തിൽ നട്ടുനനച്ച് വളർത്തിയ പടവലങ്ങ ഒടുവിൽ ലോക റെക്കോർഡ് കരസ്ഥമാക്കി. നിലവിലെ ലോക റെക്കോർഡ് ആയ 263 സെൻറീമീറ്റർ നീളമുള്ള പടവലങ്ങയെ മറികടന്നാണ് ഡോളി ഈ നേട്ടം കൊയ്തത്. 267 സെൻ്റീമീറ്ററാണ് ഡോളിയുടെ പടവലങ്ങയുടെ നീളം. റെക്കോർഡ് നേടാനായതിൽ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നതായി ഡോളി മലയോരം ഫ്ലാഷിനോട് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പിൻ്റെ ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാന തല പുരസ്ക്കാരം ഉൾപ്പടെ കൃഷിയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ വീട്ടമ്മയാണ് തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫ്. അൻപത്തിഒമ്പതാം വയസിലും കൃഷിയിടത്തിടത്തിൽ കർമ്മനിരതയാണ് ഈ വീട്ടമ്മ.  റെക്കോഡ് നേടിയ പടവലങ്ങക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു. ലോക റെക്കോർഡ് മെഡലും പ്രശസ്തിപത്രവും കഴിഞ്ഞ ദിവസം ഡോളിയുടെ വീട്ടിലെത്തി. ബളാൽ കൃഷി ഓഫീസർ ഡോ.അനിൽ സെബാസ്റ്റ്യൻ ഡോളിയെ മെഡൽ അണിയിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ രമേശൻ, ശ്രീഹരി എന്നിവരും സന്നിഹിതരായി.

റിപ്പോർട്ട്: ചന്ദ്രുവെള്ളരിക്കുണ്ട്

No comments