Breaking News

ചിറ്റാരിക്കാൽ കുന്നുംകൈ റോഡിൽ വൈദ്യുതിതൂൺ ഒടിഞ്ഞ് ഓടുന്ന ബസിന് മുകളിൽ വീണു


വെള്ളരിക്കുണ്ട്: ഇന്ന് ഉച്ചക്ക് 2 മണിയോടെ ചിറ്റാരിക്കാൽ - കുന്നുംകൈ റോഡിൽ കോടങ്കല്ലിൽ ഒഴിവായത് വൻ ദുരന്തം. മലയോരത്തുണ്ടായ കാറ്റിലും മഴയിലും പാതയോരത്തെ തെങ്ങ് ഒടിഞ്ഞു വീണത് റോഡിനരികു ചേർന്ന് പോകുന്ന വൈദ്യുതി തൂണിലേക്ക്, 

ഇലക്ട്രിക് ലൈൻ പൊട്ടി പോസ്റ്റ് ചെന്ന് വീണത് കുന്നുംകൈ വഴി ചിറ്റാരിക്കാലിലേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന സെൻറ് ജോസഫ് ബസിന് മുകളിലേക്ക്.

നിറയെ യാത്രക്കാരുമായി പോകുന്ന ബസിൻ്റെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിന് മുകളിലായി പോസ്റ്റ് പതിച്ചു. ഭീകരമായ ദുരന്തം കൺമുന്നിൽ കണ്ട ബസ് ജീവനക്കാർ പരിഭ്രാന്തരായി. യാത്രക്കാർ കൂട്ട നിലവിളിയുയർത്തി.

ഭാഗ്യത്തിന് ഇലക്ട്രിക് ലൈൻ ഓഫായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു മണിക്കൂറോളം നീണ്ട ഗതാഗത സ്തംഭനത്തിന് ഇതിടയാക്കി. ഇലക്ട്രിസിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇലക്ട്രിക് ലൈനും പോസ്റ്റുകളും മാറ്റി  ഗതാഗതം പുന:സ്ഥാപിച്ചു.

റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മഴക്കാലത്തിന് മുമ്പേ മുറിച്ച് മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് അധികൃതർ ചെവികൊടുക്കാത്തത് വെള്ളരിക്കുണ്ട് താലൂക്കിലെ മലയോര പാതകളിൽ വൻ ദുരന്ത സാധ്യതകൾ സൃഷ്ടിക്കുന്നു





No comments