Breaking News

ഉഡുപ്പി- കരിന്തളം വൈദ്യുത ലൈൻ; കർഷകർക്ക് അനുകൂല തീരുമാനമെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി


കാഞ്ഞങ്ങാട്: ഉഡുപ്പി-കരിന്തളം 400 കെവി ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി സർക്കാർ തലത്തിൽ ആലോചിച്ച് കർഷകർക്ക് അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രി വിളിച്ച് കൂട്ടിയ ആലോചനായോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രത്യേക പാക്കേജ് തയ്യാറാക്കി കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് യോഗത്തിൽ സംബന്ധിച്ച ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള എം എൽ എ മാർ ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സർക്കാർ തലത്തിൽ ആലോചന നടത്തിയ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ഉഡുപ്പി -കരിന്തളം 400 കെ.വി ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി  കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ  വിളിച്ചു ചേർക്കുകയായിരുന്നു. നിയമസഭ സമുച്ചയത്തിൽ ഇന്നലെ നടന്ന യോഗത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ,എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ ,സജി ജോസഫ് , സണ്ണി ജോസഫ്, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ, എ കെ എം അഷറഫ് എന്നിവരും, കെ എസ് ഇ ബി ഡയറക്ടർ മാരായ എസ് ആർ ആനന്ദ്, ഹരി വി ആർ , സുരേഷ് കുമാർ, 

ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ ലിമിറ്റഡ് അധികൃതർ രൺവീർ സിംങ് , എ എസ് ജോർജ് കുട്ടി എന്നിവർ പങ്കെടുത്തു. കാസർകോട് ജില്ലാ കലക്ടർ ഓൺലൈനായും പങ്കെടുത്തു.

No comments