Breaking News

കോച്ചിംഗ് ക്ലാസ്സിൽ ഒരു മാസം മാത്രം, പിന്നെ സ്വന്തമായി പഠനം, കുടുംബകാര്യങ്ങൾ; എൽഡി ക്ലർക്ക് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടി റൻസി


കൊച്ചി: മൂന്ന് കുട്ടികള്‍, അതിനിടിയില്‍ പഠനം. ഇപ്പോഴിതാ എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ എറണാകുളം ജില്ലയിലെ ഒന്നാം റാങ്ക്. എടത്തല സ്വദേശി എ എ റന്‍സി ഖാദറാണ് ആദ്യ ശ്രമത്തില്‍ തന്നെ റാങ്ക് സ്വന്തമാക്കിയത്. 2019 ലാണ് റന്‍സി പിഎസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിക്കുന്നത്. ഒരു മാസത്തോളം കോച്ചിംഗിന് പോയെങ്കിലും കൊവിഡിനെ തുടര്‍ന്ന് കോച്ചിംഗ് സെന്ററില്‍ പോകുന്നത് നിര്‍ത്തി. തുടര്‍ന്ന് ടെലിഗ്രാം ഗ്രൂപ്പകളില്‍ അംഗമായി സ്വന്തമായി പഠിക്കാന്‍ തുടങ്ങി. 2021 ലാണ് പ്രാഥമിക പരീക്ഷയില്‍ വിജയിച്ചത്. പിന്നീട് മെയിന്‍ പരീക്ഷയ്ക്കായി പഠിച്ച് റാങ്ക് വാങ്ങുകയായിരുന്നു.

ഏഴാം ക്ലാസിലും രണ്ടാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കണം. ഇതിനു ശേഷം കിട്ടുന്ന സമയത്താണ് റന്‍സിയുടെ പഠനം. എല്‍ഡി ക്ലര്‍ക്ക് പരീക്ഷ ജയിച്ചെങ്കിലും ബിരുദതല പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിലാണ് ഈ മുപ്പത്തിരണ്ടുകാരി. ബിഎസ്‌സി ബിരുദധാരിയാണ്. നോര്‍ത്ത് ഏഴിപ്പുറം ഐനാലിക്കുടിയില്‍ ഖാദറിന്റെയും ലൈലയുടെയും മകളാണ്. കുഞ്ചാട്ടുകര പഴയിടത്ത് പി എ ഷെമീറാണ് ഭര്‍ത്താവ്. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നബീല്‍, മുഹമ്മദ് നായിസ് എന്നിവരാണ് മക്കള്‍.

No comments