Breaking News

കോടോംബേളൂരിൽ 'ഞാനും എന്റെ ഊരും കൃഷിയിലേക്ക് ' ജനകീയ ക്യാമ്പയിന് തുടക്കമായി


ഒടയഞ്ചാൽ: കുടുംബശ്രീ ജില്ലാ മിഷനും കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസ്സും സംയുക്തമായി നടപ്പിലാക്കുന്ന 'ഞാനും എന്റെ ഊരും കൃഷിയിലേക്ക്' ജനകീയ ക്യാമ്പയിന് തുടക്കമായി. പതിനാലാം വാര്‍ഡ് വേങ്ങചേരി ഊരില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പച്ചക്കറി വിത്തു നട്ട്  പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലുള്ള 105 ഊരുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഊരുകളില്‍ അധിവസിക്കുന്ന 2000 കുടുംബങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഊരിലും കുറഞ്ഞത് ഒരേക്കര്‍ സ്ഥലത്ത് പഴം, പച്ചക്കറി കൃഷി ചെയ്തുകൊണ്ട് ഊരുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സാമ്പത്തിക വരുമാനവും ഊരുകളില്‍ ഭക്ഷ്യസുരക്ഷയും ജൈവ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഇതിലൂടെ ലക്ഷ്യമിടുന്നു. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ പി.എല്‍.ഉഷ അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്തl വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, വാര്‍ഡ് അംഗം ബാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് വി.വി.വിജയന്‍, കുടുംബശ്രീ ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, ഊരുമൂപ്പന്‍ വി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് അംഗം വി.സുമ സ്വാഗതവും, ആനിമേറ്റര്‍ വി.രാധിക നന്ദിയും പറഞ്ഞു.

No comments