Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവം : നേതൃസ്ഥാനങ്ങൾ യുഡിഎഫ് ഏറ്റെടുക്കില്ല


പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണത്തിൽ ഏകപക്ഷീയമായി സിപിഎം നേതാക്കന്മാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് പ്രധാനപ്പെട്ട ഉപസമിതികൾ വീതം വച്ചു. യുഡിഎഫ് ഉൾപ്പെടെ മറ്റ് രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് ആലോചിക്കാതെയാണ് ഉപസമിതികൾ തീരുമാനിച്ചത്. സംസ്ഥാന യുവജനോത്സവങ്ങളിൽ അടക്കം പാലിക്കുന്ന കീഴ് വഴക്കങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, കൺവീനർ സ്ഥാനങ്ങൾ സിപിഎം അനുകൂല അധ്യാപക സംഘടന പിടിച്ചെടുത്തു. അതോടൊപ്പം പതിവിൽനിന്ന് വ്യത്യസ്തമായി സാമ്പത്തികം, ഭക്ഷണം,സ്റ്റേജ് - പന്തൽ,ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയ പ്രധാന കമ്മിറ്റികളുടെയെല്ലാം ചെയർമാൻ സ്ഥാനങ്ങൾ മറ്റ് രാഷ്ട്രീയ പാർട്ടികളോട് ആലോചിക്കാതെ ഏകപക്ഷീയമായി സിപിഎം ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കൺവീനർമാരെ മാത്രം നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു. തുടർന്ന് രാഷ്ട്രീയപാർട്ടികളുമായി നടത്തിയ ചർച്ചയിൽ തങ്ങൾക്ക് ലഭിച്ച ഉപസമിതി ചെയർമാൻ സ്ഥാനം വിട്ടു നൽകാമെന്നും പകരം ഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം യുഡിഎഫിന് വിട്ടു നൽകണമെന്നും സംഘാടക സമിതി ചെയർമാൻ ആയ പഞ്ചായത്ത് പ്രസിഡന്റ്,എ ഇ ഒ,സ്കൂൾ പ്രിൻസിപ്പാൾ തുടങ്ങിയവരോടൊക്കെ കോൺഗ്രസ്‌,ലീഗ് നേതാക്കൾ ആവശ്യപ്പെട്ടുവെങ്കിലും,ആ സ്ഥാനം യുഡിഎഫിന് വിട്ടു നൽകാൻ കഴിയില്ല എന്ന ശാഠ്യത്തിൽ സിപിഎം തുടർന്നു. ഈ സാഹചര്യത്തിൽ സ്കൂൾ യുവജനോത്സവവുമായി ബന്ധപ്പെട്ട് യുഡിഎഫിന് ലഭിച്ച സംഘാടക സമിതി/ ഉപസമിതി - ചെയർമാൻ, വൈസ് ചെയർമാൻ,കമ്മിറ്റി അംഗത്വങ്ങൾ എന്നിവയെല്ലാം യുഡിഎഫ് ഒറ്റക്കെട്ടായി ഉപേക്ഷിക്കുകയാണ്. എന്നാൽ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം വരുന്ന കുട്ടികളുടെ ഈ ആഘോഷത്തോട് നിസ്സഹകരിക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല. സംഘാടകസമിതിയുടെ ഭാഗമാകാതെ ഉപജില്ല യുവജനോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പഞ്ചായത്ത് യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ സഹകരിച്ചു പ്രവർത്തിക്കുന്ന പരപ്പയിൽ, ഒരു പൊതുപരിപാടി ആയിട്ട് കൂടി  സമവായമുണ്ടാക്കാതെ ഭരണകക്ഷിയുടെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിയതിൽ മലയോരത്ത് വലിയ വിമർശനം ഉയരുകയാണ്. സിപിഎമ്മിന്റെ ഏതാനും ചില നേതാക്കന്മാരുടെ പിടിവാശിയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.

No comments