Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് ഖനനം; കള്ളപരാതി നൽകുന്ന നടപടിക്കെതിരെ പ്രദേശവാസികൾ പ്രതിഷേധ സംഗമം നടത്തി


വെള്ളരിക്കുണ്ട്: വടക്കാകുന്നിലെ ഖനന നീക്കങ്ങൾക്കും ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെതിരെ പ്രതിഷേധിക്കുകയും പരാതികൾ നൽകുകയും ചെയ്യുന്ന പ്രദേശവാസികൾക്കെതിരെ ഖനന മാഫിയ വ്യാജ പരാതികളും കേസുകളും നൽകുന്നുവെന്ന് ആരോപിച്ച് പ്രാദേശിക സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വടക്കാക്കുന്നിൽ  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, ക്രഷർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്, കുടിവെള്ളമുൾപ്പെടെ ജല സ്രോതസ്സുകൾ മലിനമാവുകയും കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുന്ന ചാലുകൾ ഉപയോഗശൂന്വമാവുകയും ചെയ്തതിനാൽ നൂറ് കണക്കിന് ആളുകളാണ് പ്രയാസമനുഭവിക്കുന്നത്, ഓവുചാൽ നിർമ്മിക്കാതെ ജില്ലാ പഞ്ചായത്ത് റോഡിൽ നിന്നും അപ്രോച്ച് റോഡ് നിർമ്മിച്ചതിനാൽ ചെറിയ മഴ പെയ്താൽ പോലും ഇവിടം ചളിക്കുളമാവുകയും കാൽ നടയാത്ര പോലും സാധിക്കാത്ത അവസ്ഥയാണ്, ഈ പ്രദേശത്ത് ഖനന പ്രവർത്തനങ്ങളും ക്രഷർ പ്രവർത്തനവും ആരംഭിച്ചാൽ ആയിരകണക്കിന് ജനങ്ങൾ വൻ ദുരന്തങ്ങളും ദുരിതങ്ങളുമാകും അനുഭവിക്കേണ്ടി വരിക, യാതൊരു വിധ പാരിസ്ഥിതിക പഠനങ്ങളും നടത്താതെ  തികച്ചും നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ നേടിയിരിക്കുന്നത് എന്നത് ഉദ്യോഗസ്ഥ റിപ്പോർട്ടുകളിൽ വ്യക്തമാണ്, ഈ അനുമതികളുമായാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഖനനാനുമതികൾ സ്വന്തമാക്കിയിരിക്കുന്നത്, കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രദേശവാസികൾ നടത്തി വരുന്ന പ്രതിഷേധ സമരങ്ങൾക്ക് വിലകൽപ്പിക്കാതെ ജനങ്ങളെ ഭിന്നിപ്പിച്ചും കള്ളക്കേസുകളിൽ കുടുക്കിയും മാനസ്സികമായും ശാരീരികമായും തളർത്താൻ ശ്രമിക്കുന്ന ഖനന മാഫിയകൾക്കും ഉദ്യോഗസ്ഥനടപടികൾക്കുമെതിരെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കും ജനകീയ പ്രക്ഷോഭത്തിനും തയാറെടുക്കുകയാണ് ജനങ്ങൾ. സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി വിവിധ സംഘടനകൾ, ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, കുടുംബശ്രീ, പുരുഷ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ സംസാരിച്ചു, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴ് ദിവസമായി നടത്തി വരുന്ന സത്യാഗ്രഹ സമരം പൂർവ്വാധികം ശക്തിയോടെ മുൻപിലേക്ക് കൊണ്ടു പോകാൻ യോഗത്തിൽ തീരുമാനിച്ചു.

No comments