Breaking News

അവഗണിക്കപ്പെട്ടു അറിയാതെപോയ കൊന്നക്കാട് മാന്റിൽ മലയിലെ നവോത്ഥാന നായിക


കൊന്നക്കാട് : പുതിയകാലത്ത്  നവോത്ഥാനം എന്നത് കോടികൾ ചിലവഴിച്ചുള്ള പരസ്യങ്ങളും നടപ്പിലാക്കാൻ പറ്റാത്ത വെറും പ്രസ്താവനകളുമായി ഒതുങ്ങുമ്പോൾ കൊന്നക്കാട് മാന്റിൽ മലയിൽ ഒരു നവോത്ഥാന നായിക ജീവിച്ചിരുന്നു .അവഗണിക്കപ്പെട്ടു പുറമേക്ക് ആരും അറിയാതെ  ജീവിച്ചു മരിച്ച പള്ളിച്ചിയമ്മ . നവോത്ഥാനത്തിന്റെ ഒരു അളവുകോൽ നല്ല വിദ്യാഭ്യാസവും സംസ്ക്കാരവും ആണെന്നിരിക്കെ പ്രാഥമികമായി അത് ലഭിക്കുന്ന വിദ്യാലയങ്ങളിലേക്ക് തന്റെ ഊരിലെ സ്കൂളിൽ പോകുവാൻ മടി കാണിക്കുന്ന ചുറ്റുപാടുള്ള ഒരു കൂട്ടം കുട്ടികളെ സ്നേഹശാസനത്തോടെ ദിവസേന കിലോമീറ്ററുകൾ താണ്ടി സ്കൂളിലെത്തിച്ചു അവരുടെ പഠനം കഴിയുന്നതുവരെ സ്കൂൾ മുറ്റത്തു കാത്തിരുന്ന് കുട്ടികളെ അങ്ങ് മലമുകളിലെ തന്റെ ഊരിലേക്ക് തിരിച്ചു സുരക്ഷിതമായി തിരിച്ചെത്തിച്ചിരുന്ന പള്ളിച്ചിയമ്മ.തന്റെ ഊരിലെ കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ കിട്ടുന്ന ഗുണത്തെക്കുറിച്ചു അറിഞ്ഞോ അറിയാതെയോ അവർ മനസിലാക്കിയിരിക്കാം .

എല്ലാവരാലും അവഗണിക്കപ്പെട്ടുപോയ ഒരു പ്രദേശത്ത് അറിവിന്റെ പ്രകാശമായ പള്ളിച്ചിയമ്മ 2016 ൽ മരണപ്പെടുന്ന സമയത്ത് സർക്കാർ രേഖകളിൽ വയസ്സ് 106 പക്ഷേ ഊര് നിവാസികൾ പറയുന്നത് വയസ് 106 ൽ കൂടുതലുണ്ടാകുമെന്നാണ്  . ഒരിക്കലും നന്നാവാത്തവർ എന്ന് വിധിയെഴുതി മാന്റിൽ മലയിൽ ആർക്കും വേണ്ടാത്തവരായി ഇരുളിലമർന്ന് ജീവിച്ചിരുന്നവർക്കിടയിൽ നിന്നാണ് അവിടെ വിദ്യാഭ്യാസമെന്ന പ്രകാശം തെളിയാൻ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുകയായിരുന്നു പള്ളിച്ചി അമ്മ . പത്തോളം ചെറുതും വലുതുമായ കുട്ടികളെ ആട്ടിൻപറ്റത്തെ ഇടയൻ നയിക്കും മട്ടിൽ നയിച്ച് മലയിറങ്ങി. കിലോമീറ്ററുകളോളം അപ്പുറത്തുള്ള സ്കൂളിലെത്തിച്ച പളളിച്ചിയമ്മ മാന്റിൽ മലയിലെ നവോത്ഥാന നായിക തന്നെയായിരുന്നു. കുട്ടികളെ സ്കൂളിലെത്തിച്ച് സ്കൂൾ ഗ്രൗണ്ടിലെ വാകമര ചുവട്ടിൽ അൽപ്പനേരം വിശ്രമിച്ച് നാലും കൂട്ടി ഒരു മുറുക്കും കഴിച്ച് ടൗണിലെത്തും.നാട്ടുകാർ ചെയ്യുന്ന ചില്ലറ സഹായങ്ങൾ സ്വീകരിച്ചു തിരികെ വാക മരച്ചുവട്ടിലെത്തും. കഞ്ഞിപുരയിൽ മിച്ചം വന്ന ഒരു തവി കഞ്ഞിയും കുടിച്ച് വൈകുന്നേരം സ്കൂൾ വിടുന്ന നേരം കുട്ടികളെയും വിളിച്ചു തിരികെ മലകൾക്കപ്പുറമുള്ള തന്റെ ഊരിലേക്ക് .. 

ചിലപ്പോഴൊക്കെ കയ്യിലുള്ള ചില്ലറ തുട്ടുകൾ കൊണ്ട്  ഓട്ടോ വിളിച്ചും പണം തികയാത്ത ദിവസം തന്റെ കുട്ടികൾക്ക്  ഓരോ മിഠായി വീതം വാങ്ങി നൽകിയും ആറേഴ് കിലോമീറ്റർ നടന്ന് തിരികെ മലയിലെത്തും. കുട്ടികൾ വളർന്നിട്ടും തളരാത്ത ഓർമകളിൽ എന്നുമുണ്ട് അവരുടെ പള്ളിച്ചിയമ്മ മാന്റിൽ മലയിൽ വിദ്യാഭ്യാസത്തിന്റെ നിറദീപം തെളിയിച്ച അവരുടെ നവോത്ഥാന നായിക .

ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരായ ഷിബു പാണത്തൂർ അടക്കമുള്ളവർ മാന്റിൽ മലയിലെ വീടുകളിൽ പ്രവർത്തനത്തിന്റെ ഭാഗമായി എത്തിയപ്പോളാണ് പഴയ പള്ളിച്ചിയമ്മയുടെ അറിയപ്പെടാത്ത വിവരങ്ങൾ കിട്ടിയത് . അവഗണിക്കപ്പെട്ട നവോത്ഥാന നായിക പള്ളിച്ചിയമ്മയുടെ ഒരു അനുസ്മരണപരിപാടി  നാട്ടുകാരുടെ സഹകരണത്തോടെ അടുത്തമാസം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് അവർ .

No comments