Breaking News

ഐതീഹ്യകഥകൾ വരഞ്ഞുവച്ച 21 കവുങ്ങിൻ പാളയാലുള്ള മുടിയുമായി കമ്മാടത്ത് ഭഗവതി അരങ്ങിലെത്തി അവതാര നടനമാടി കമ്മാടം ഭഗവതീക്ഷേത്ര കളിയാട്ടത്തിന് സമാപനം


വെള്ളരിക്കുണ്ട്: നൂറേക്കറിൽ പടർന്നു പന്തലിച്ച ജില്ലയിലെ ഏറ്റവും വലിയ തെയ്യക്കാവുകളിലൊന്നായ കമ്മാടം കാവിനോട് ചേർന്ന ഭഗവതീ ക്ഷേത്രത്തിൽ തെയ്യങ്ങളുടെ ഉരിയാട്ടും ചിലമ്പാട്ടവും ചെണ്ടമേളവും കൊണ്ട് മുഖരിതമായി. ഡിസംബർ 24 ന് ആരംഭിച്ച കമ്മാടം ശ്രീ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൽ നിരവധി തെയ്യക്കോലങ്ങൾ അരങ്ങിലെത്തി അവതാര നടനമാടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. മറ്റു തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്തമായ "കാണാക്കാട്ടിലച്ചി" എന്ന കമ്മാടത്ത് ഭഗവതി വ്യാഴാഴ്ച്ച രാവിലെ 7 മണിക്ക് അരങ്ങിലെത്തി അവതാര നടനമാടി.

കമ്മാടം ഇല്ലത്തെ ജോലിക്കാരൻ മേയാൻ വിട്ട കാലികളെ അന്വേഷിച്ച് കമ്മാടം കാവിനുള്ളിലെത്തിയപ്പോൾ അവിടെ സുന്ദരിയായ കന്യക ഊഞ്ഞാലാടുന്ന കാഴ്ച്ച കണ്ട് ഭയപ്പാടോടെ തിരിഞ്ഞോടി ഇല്ലത്ത് ചെന്ന് സംഭവം അവതരിപ്പിച്ചു, കാര്യം തിരിച്ചറിഞ്ഞ ബ്രാഹ്മണൻ പൂജാ ദ്രവ്യവുമായി കാവിലേക്ക് പോയപ്പോൾ കന്യക കഴുത്തോളം ഭൂമിയിലേക്ക് താഴ്ന്നു നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്. അവിടെ നിന്നും സ്വരൂപത്തെ ആവാഹിച്ച് ഇല്ലത്തെത്തി കമ്മാടത്തമ്മയായി പ്രതിഷ്ഠിക്കുകയുമായിരുന്നു എന്നാണ് ഐതീഹ്യം.

തെയ്യക്കഥ വരഞ്ഞുവച്ച  21 വലിയ കവുങ്ങിൻ പാളകൾ ചേർത്താണ്‌ കമ്മാടത്ത് ഭഗവതിയുടെ മുടിയുണ്ടാക്കുന്നത്‌.  

കലശക്കാരനെത്തിക്കുന്ന പാളകളിൽ കമ്മാടത്തമ്മയുടെ ഐതിഹ്യം പൂർണമായും പ്രകൃതിദത്ത നിറമായ  ചായില്യത്തിൽ കിണാവൂർ നാരായണൻ വരഞ്ഞു വെക്കുന്നത്‌ കണ്ടാൽ ആരും അത്ഭുതപ്പെടും. ആദ്യത്തെ പാള മുടിയുടെ ഏറ്റവും മുമ്പിൽ ചേർക്കണം. കാലിക്കാരനെ മയക്കിയ വനദുർഗയുടെ  മുഖമാണ് വരച്ചുചേർക്കേണ്ടത്. പിന്നെ മുകളിലേക്ക് 20 പാള ചേർക്കുന്നു.  ശ്രമകരമായ പ്രവൃത്തിയാണ് കുറഞ്ഞസമയത്തിനകം ചെയ്യേണ്ടത്‌. വാട്ടിയെടുത്ത പച്ചപാളയിലാണ്‌ എഴുത്ത്‌.  

കാട്ടുവള്ളിപ്പടർപ്പിൽ  ഊഞ്ഞാലാടുന്ന കന്യകയെ നേർക്കുനേർ കാണുന്നവർക്കും തോന്നുംവിധമാണ്  നാരായണൻ  പാളകളെ നിറപ്പെടുത്തുന്നത്‌. മുൻ കാലങ്ങളിൽ കരിയുംകല്ലുമാണ് വരയ്ക്കാൻ ഉപയോഗിച്ചത്. തെങ്ങിന്റെ ഇളം മടൽ മുറിച്ച് ചെത്തി അറ്റംതച്ചാണ്  എഴുതേണ്ട കോൽ തയ്യാറാക്കുന്നത്. 

കറുപ്പും ചുവപ്പും നിറങ്ങളാണ് ഉപയോഗിക്കുന്നത്. പാളയിലെഴുത്തും മുഖത്തെഴുതും ജീവിതത്തിന്റെ ഭാഗമാക്കിയ 62കാരനായ കിണാവൂർ നാരായണൻ 18 വയസിൽ തുടങ്ങിയ സാധന ഇന്നും തുടരുന്നു.  29 ന്‌ പുലർച്ചെ 5 മണി മുതൽ കമ്മാടത്തമ്മയുടെയും തുടർന്ന് കമ്മാടത്ത് ഭഗവതിയുടെയും പുറപ്പാട് ദർശിക്കാൻ നൂറ് കണക്കിന് ആളുകൾ ക്ഷേത്രത്തിലെത്തി. സന്നിധിയിലെത്തിയ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ ശേഷം കമ്മാടത്ത് ഭഗവതി തിരുമുടി അഴിച്ചതോടെ കളിയാട്ട മഹോത്സവത്തിന് സമാപനമായി.




No comments