Breaking News

നിർദിഷ്ട മലയോര ഹൈവേ: കാസർകോട് ജില്ലയിൽ വനം ഭൂമിക്ക് പകരം ഭൂമി നൽകും കമ്മാടം കാവിലെ ഭൂമി വനംവകുപ്പിന്‌ നൽകാൻ മന്ത്രിസഭാ തീരുമാനം



നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ കാസർകോട് ജില്ലയില്‍പ്പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയില്‍ എടപ്പറമ്പ-കോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവല്‍ക്കരണത്തിന് ഭൂമി നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിദ്ദേശപ്രകാരം സംസ്ഥാന വകുപ്പിന്‍റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും

മലയോര ഹൈവേക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക്‌ പകരം നൽകുക കമ്മാടം കാവിലെ 14 ഏക്കർ റവന്യൂഭൂമി. നഷ്ടമാകുന്ന 10.70 ഏക്കർ ഭൂമിക്ക്‌ പകരമാണിത്‌. മന്ത്രിസഭായോഗമാണ്‌ കമ്മാടം കാവിലെ ഭൂമി വനംവകുപ്പിന്‌ നൽകാൻ തീരുമാനിച്ചത്‌.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാലാണ് ഭീമനടി വില്ലേജിലെ കമ്മാടം കാവിലെ ഭൂമി കേന്ദ്രപരിസ്ഥിതി നിയമപ്രകാരം വനം വകുപ്പിന്‌ പോക്കുവരവ് ചെയ്ത് ഉടമസ്ഥാവകാശം കൈമാറുന്നത്‌. ഇതോടെ കമ്മാടം കാവിനും സംരക്ഷണമായി.
കേരളത്തിലെ ഏറ്റവും വലിയ കാവാണ് കമ്മാടം കാവ്. 54.76 ഏക്കറാണുള്ളത്‌. കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്.
നിലവിലുള്ളതില്‍ പത്തേക്കറോളം ഭൂമി കൈയേറ്റക്കാരുടെ കൈകളിലാണ്. ഈ സാഹചര്യത്തിലാണ് ക്ഷേത്രാചാര ആവശ്യങ്ങള്‍ നിലനിര്‍ത്തി കാവ് വനംവകുപ്പിന് കൈമാറാന്‍ നിര്‍ദേശം വന്നത്. അന്നത്തെ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഏഴുപേരടങ്ങുന്ന സര്‍വേ ടീം കാവ് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. കാവ് പൂർണമായും വനംവകുപ്പിന് കൈമാറിയാൽ ഈ കാവ് നശിക്കാതെ നിലനിൽക്കും എന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു.


No comments